വാക്‌സിനേഷന്‍ മൂലം രാജ്യത്ത് ഒഴിവായത് 42 ലക്ഷം കൊവിഡ് മരണങ്ങള്‍; ലാന്‍സെറ്റ് പഠനം
ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതമാക്കിയതിന്റെ ഭാഗമായി മാത്രം 2021ല്‍ രാജ്യത്ത് 42 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാനായെന്ന് ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേണല്‍ പഠനം. രാജ്യത്ത് അധികമായി രേഖപ്പെടുത്തിയ മരണങ്ങള്‍ കണക്കിലെടുത്തു നടത്തിയ പഠനത്തിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
വെള്ളിയാഴ്ച ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പ്രൊജക്ഷന്‍ അനുസരിച്ച്, കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചതോടെ മരണങ്ങളുടെ എണ്ണം ഏകദേശം മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിച്ചു. ആഗോളതലത്തില്‍ 20 ദശലക്ഷം മരണങ്ങളെങ്കിലും ഒഴിവാക്കാനായിട്ടുണ്ടെന്ന് ഗവേഷകന്‍ ഒലിവര്‍ ജെ വാട്‌സന്‍ കണക്കാക്കിയിട്ടുണ്ട്.
'വാക്‌സിനേഷന്റെ അഭാവത്തില്‍ 185 രാജ്യങ്ങളിലായി 31.4 ദശലക്ഷം മരണങ്ങള്‍ ഈ കാലയളവില്‍ സംഭവിക്കുമായിരുന്നു. ഏകദേശം 19.8 ദശലക്ഷം മരണങ്ങള്‍ വാക്‌സിനേഷന്‍ വഴി ഒഴിവാക്കപ്പെട്ടു,' ലോകമെമ്പാടുമുള്ള വാക്‌സിനേന്‍ വിതരണം സമതുലിതമായിരുന്നെങ്കില്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പഠനം പറയുന്നു.
വാക്‌സിനേഷന്‍ വഴി രക്ഷിച്ച ജീവിതങ്ങളുടെ എണ്ണം സംഭവിച്ച മരണസംഖ്യയേക്കാള്‍ വളരെ കൂടുതലാണ്. ലോകമാസകലം തുല്യമായ അളവില്‍ വിതരണം ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോഴുള്ള മരണങ്ങളും ഒഴിവാക്കാനാവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
