കൊവിഡ് മൂലം മരിച്ചവര്‍ക്ക് നല്‍കാന്‍ 40,000 കോടിയില്ല; കോര്‍പറേറ്റുകള്‍ക്ക് 1.5 ലക്ഷം കോടി നികുതിയിളവ് നല്‍കാന്‍ പണമുണ്ട്; കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ ഡോ. ടി എം തോമസ് ഐസക്

Update: 2021-06-21 11:46 GMT

തിരുവനന്തപുരം: കൊവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങരുതെന്ന് മുന്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ഇന്ത്യയില്‍ നിലവിലുള്ള ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിന് ബാധ്യതയുണ്ടെന്നും ഇത് കൊവിഡ് ബാധ മൂലം മരിക്കുന്നവര്‍ക്കും ബ്ാധകമാണെന്നും ഐസക് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

''ഇന്ത്യയില്‍ നിലവിലുള്ള ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവര്‍ക്കു നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിന് ബാധ്യതയുണ്ട്. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വേണ്ടിയാണ് ദുരന്തനിവാരണ നിധിയുള്ളത്. അതിലൊരു ഭാഗം സംസ്ഥാനങ്ങള്‍ക്കു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും വീതം വയ്ക്കുന്നു. ഇതു കവിഞ്ഞു പ്രത്യേക ദുരന്തങ്ങള്‍ എന്തെങ്കിലും വന്നാല്‍ കേന്ദ്രം അധികമായി പണം അനുവദിക്കുകയും ചെയ്യും. ഇത്തരത്തില്‍ ദുരന്തനിവാരണ നിധിയില്‍ നിന്നും കൊവിഡ് ഇരകള്‍ക്കു നല്‍കാന്‍ കഴിയില്ല എന്നാണ് സുപ്രിംകോടതിയിലെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്.

ഇതിനുള്ള ന്യായം വളരെ വിചിത്രമാണ്. പ്രകൃതി ദുരന്തം എന്നു പറഞ്ഞാല്‍ 'ഒറ്റത്തവണ' യായി ഉണ്ടാകുന്ന ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ പോലുള്ള ഒന്നല്ല. ഈ പകര്‍ച്ചവ്യാധി ഒരു വര്‍ഷമായി തുടരുകയാണ്. ഇനിയും നീണ്ടുപോയേക്കാം''- നാളെ വെള്ളപ്പൊക്കം ഏതാനും ദിവസത്തില്‍ തീരാതെ ഒരു മാസം നീണ്ടാല്‍ അതു ദുരന്തപ്പട്ടികയ്ക്കു പുറത്താകുമോ എന്നും ഐസക് പരിഹസിച്ചു.

കൊവിഡ് പ്രകൃതി ദുരന്തമല്ലെന്നും അതുകൊണ്ട് ദുരന്തനിവാരണ നിയമപ്രകാരം നഷ്ടപരിഹാരം കൊടുക്കാനാവില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തില്‍ പറയുന്നത്.

നാലുലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നല്‍കാന്‍ തുനിഞ്ഞാല്‍ ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ പണവും തീരുമെന്ന് പറയുന്നത് നുണയാണെന്നും ഐസക് പറഞ്ഞു.

''3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് നാലുലക്ഷം രൂപവച്ച് നല്‍കിയാല്‍ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്. ഇനി കൃത്യമായ കണക്ക് ഉണ്ടാക്കിയാല്‍ മരണപ്പെട്ടവരുടെ എണ്ണം 10ലക്ഷം വരുമെന്നാണ് പറയുന്നത്. അവര്‍ക്കു മുഴുവന്‍ നഷ്ടപരിഹാരം നല്‍കിയാലും 40,000 കോടി രൂപയേ വരൂ. ഈ ഭാരം താങ്ങാന്‍ തങ്ങള്‍ക്കു കെല്‍പ്പില്ലെന്നാണ് ഒരു വെളിപാടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു 1.5ലക്ഷം കോടി രൂപ നികുതിയിളവു നല്‍കിയവര്‍ കേഴുന്നത്''- ഐസക് കുറ്റപ്പെടുത്തി.