400 കോടി കള്ളപ്പണ ഇടപാട്: ആര്‍എസ്എസ്സിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വൈകീട്ട് സെക്രട്ടേറിയറ്റ് പരിസരത്ത് പോപുലര്‍ ഫ്രണ്ടിന്റെ പ്രതിഷേധം

Update: 2021-06-03 08:06 GMT

കോഴിക്കോട്: 400 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കേസില്‍ ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുക, ബിജെപി നേതാവ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് പറഞ്ഞു. കൊടകരയില്‍ നിന്നും കണ്ടെടുത്ത ഹവാല പണത്തിന്റെ അന്വേഷണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച 400 കോടിയില്‍ എത്തി നില്‍ക്കുകയാണ്. ഉന്നത ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി വ്യക്തമായിരിക്കുന്നു.

ബിജെപിയെ നിയന്ത്രിക്കാന്‍ ആര്‍എസ്എസ് നിയോഗിച്ച സംഘടനാ സെക്രട്ടറിയിലേക്ക് കള്ളപ്പണ ഇടപാടിന്റെ അന്വേഷണം എത്തിയിരിക്കുന്നു. സംഭവത്തില്‍ ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കേണ്ടതുണ്ട്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഹെലികോപ്റ്ററില്‍ കള്ളപ്പണം കടത്തി എന്ന വാര്‍ത്ത പുറത്തുവന്നതിനാല്‍ തന്നെ സുരേന്ദ്രന്റെ പങ്കും വ്യക്തമായിരിക്കുന്നു. സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആര്‍എസ്എസ് ബിജെപി നേതാക്കളെ അടിയന്തരമായി ചോദ്യം ചെയ്യണം. രാജ്യദ്രോഹികളായ ഇക്കൂട്ടരെ ജയിലിലടക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ പങ്കാളികളായ കൊടകര കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരുന്ന മൗനം ഇഡിയുടെ സത്യസന്ധത സംബന്ധിച്ച് കൃത്യമായ സന്ദേശം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കള്ളപ്പണ ഇടപാടിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന തലത്തിലേക്ക് ഇഡി മാറിയിരിക്കുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെ മാധ്യമ പ്രവര്‍ത്തകനായ വിനുവിന് ഭീഷണി സന്ദേശം അയച്ചത് കേന്ദ്ര ഏജന്‍സിയാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ആര്‍എസ്എസിന്റെ പോഷക സംഘടന എന്ന നിലയിലേക്ക് കേന്ദ്ര ഏജന്‍സിയായ ഇഡി അധഃപതിച്ചിരിക്കുകയാണ്.

മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ വ്യാജകഥകള്‍ മെനഞ്ഞ് വേട്ടയാടാന്‍ വ്യഗ്രത കാട്ടുന്ന ഇ ഡി പൂര്‍ണമായും ആര്‍എസ്എസ്സിന്റെ ചട്ടുകമായി മാറിയെന്നതില്‍ സംശയമില്ല. കേവലം 5,000 രൂപ ഒരാള്‍ക്ക് അയച്ചുവെന്നതിന്റെ പേരില്‍ കേരളത്തിലെ വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്ത ഇ ഡി സംസ്ഥാനത്ത് കാട്ടിക്കൂട്ടിയ കോലാഹലങ്ങള്‍ ചെറുതല്ല. കൂടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തില്‍ മറ്റ് നിരവധിയായ കേസുകളിലും ആരോപണങ്ങളിലും ഇഡിയുടെ ഇടപെടലുകള്‍ സജീവമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനിടെ മൂന്നരക്കോടി രൂപയുടെ കള്ളപ്പണം കൊടകരയില്‍ പിടികൂടിയിട്ടും ഇഡി അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. കള്ളപ്പണത്തിന് പിന്നിലുള്ള ബിജെപി- ആര്‍എസ്എസ് ബന്ധം തന്നെയാണ് ഇഡിയുടെ നിര്‍ബന്ധിത മൗനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

ആധികാരമുപയോഗിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്ത് സമാന്തര സാമ്പത്തിക സംവിധാനമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. കൊടകര ഹവാല പണമിടപാടിന്റെ അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോയാല്‍ ഇത് വ്യക്തമാകുമെന്നും സര്‍ക്കാര്‍ അതിന് തയ്യാറാകണമെന്നും റഫീഖ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News