ജയന്‍ 41ാം വയസ്സില്‍ യാത്രയായിട്ട് 40 വര്‍ഷം

Update: 2020-11-16 06:19 GMT

കോഴിക്കോട്: മലയാല സിനിമയിലെ പൗരുഷത്തിന്റെ പ്രതീകമായ ജയന്റെ വേര്‍പാടിന് 40 വര്‍ഷം. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്ര്‍ അപകടത്തിലാണ് ജയന്‍ മരിച്ചത്. പി.എന്‍. സുന്ദരം സംവിധാനം ചെയ്ത സിനിമയില്‍ ഹെലികോപ്റ്ററില്‍ പിടിച്ചുതൂങ്ങിയുള്ള സാഹസികമായ സംഘട്ടനരംഗം അഭിനയിക്കുമ്പോഴായിരുന്നു അപകടം. അപകടകരമായ രംഗങ്ങള്‍ പോലും ഡ്യൂപ്പിനെ ഉപയോഗിക്കാതെ അഭിനയിക്കാറുള്ള ജയന്റെ ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയതും സാഹസികത തന്നെയായിരുന്നു.

അഭിനയ ശൈലിയിലും സംസാര രീതിയിലും പ്രത്യേക വഴി രൂപപ്പെടുത്തിയ ജയന്‍ ഐ.വി.ശശി ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ സൂപ്പര്‍താരമായത്. നായക വേഷങ്ങള്‍ മാത്രമല്ല, വില്ലന്‍ വേഷങ്ങളും ജയന്‍ അവിസ്മരണീയമാക്കി. അക്കാലത്ത് നസീര്‍, ജയന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച സൂപ്പര്‍ഹിറ്റുകളായി. അന്തരിച്ച് 40 വര്‍ഷം കഴിഞ്ഞിട്ടും ജയന്‍ എന്ന നടനെ ഇപ്പോഴും മലയാളികള്‍ ഓര്‍ക്കുന്നു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Tags: