സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ കുറവ്; മരണനിരക്ക് കൂടിയതായും മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ തോതില്‍ കുറവുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം മരണനിരക്കില്‍ വര്‍ധനവുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബറിനെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 40 ശതമാനം കുറവുണ്ടായി. നിലവില്‍ 60,029 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഒക്ടോബറില്‍ ഒരു ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ടായിരുന്നു. ജാഗ്രതയുടെ ഫലമായാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായത്. വിട്ടുവീഴ്ചയുണ്ടായാല്‍ സ്ഥിതി മാറിയേക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 89 ശതമാനത്തില്‍ നില്‍ക്കുന്നത് ആശ്വാസകരമാണ്. അതേസമയം, മരണ നിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്- മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 5,949 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍കോഡ് 60 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 5,268 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇന്ന് മാത്രം 32 പേരാണ് മരിച്ചത്.