രാജസ്ഥാനില്‍ നാല് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രഥമാധ്യാപകനും ഒന്‍പത് അധ്യാപകര്‍ക്കുമെതിരേ കേസ്

അധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും അധ്യാപികമാര്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു

Update: 2021-12-08 09:14 GMT

ജയ്പുര്‍: രാജസ്ഥാനില്‍ നാല് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അധ്യാപകര്‍ക്കെതിരെ കേസ്. ആല്‍വാറിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്കെതിരേയാണ് കേസ്. ഒന്‍പത് അധ്യാപകര്‍ക്കും പ്രഥമാധ്യാപകനും എതിരേയാണ് കേസെടുത്തിരിക്കുന്നത്.

ഒരു പെണ്‍കുട്ടിയുടെ പിതാവ് മകള്‍ സ്‌കൂളില്‍ പോകാതിരുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.ഒരു വര്‍ഷത്തിലധികമായി അധ്യാപകര്‍ കൂട്ടബലാത്സംഗം ചെയ്യുന്നതായി പത്താം ക്ലാസ് വിദ്യാര്‍ഥിനി പിതാവിനെ അറിയിക്കുകയായിരുന്നു.

പോലിസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മൂന്ന് പെണ്‍കുട്ടികള്‍കൂടി പരാതിയുമായി രംഗത്തെത്തി. മൂന്ന്, നാല്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്. അധ്യാപകര്‍ ഭീഷണപ്പെടുത്തിയതായും അധ്യാപികമാര്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയതായും പണം വാഗ്ദാനം ചെയ്തതായും വിദ്യാഥിനികള്‍ ആരോപിച്ചു.സംഭവം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ പറഞ്ഞു. ഫീസ് അടക്കാമെന്നും പുസ്തകങ്ങള്‍ വാങ്ങി നല്‍കാമെന്നും അധ്യാപികമാര്‍ വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടികള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം അധ്യാപിക പ്രഥമാധ്യാപകന്‍ അടക്കമുള്ളവരുടെ വീടുകളിലേക്ക് നിരവധി തവണ കൊണ്ടുപോയതായും അവിടെവച്ച് പീഡനത്തിന് ഇരയായതായും പെണ്‍കുട്ടികള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികളിലൊരാളുടെ പിതാവ് പറഞ്ഞു. സഹോദരന്‍ മന്ത്രിയാണെന്ന് പറഞ്ഞ പ്രഥമാധ്യാപകന്‍, പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്നാല്‍ പ്രഥമാധ്യാപകന്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും അധ്യാപകന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തയായും അന്വേഷണം പുരോഗമിക്കുന്നതായും പോലിസ് അറയിച്ചു.

Tags:    

Similar News