'രാജ്യത്തെ നിയന്ത്രിക്കുന്നത് നാലുപേര്‍'; കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ഗാന്ധി

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ലോക്‌സഭയില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച അദ്ദേഹം 'ഹം ദോ ഹമാരെ ദോ' എന്ന മുദ്രാവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2021-02-11 19:25 GMT

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാല് പേരാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്നാല്‍ തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആരുടേയും പേര് പരാമര്‍ശിച്ചില്ല.

ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ ലോക്‌സഭയില്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിച്ച അദ്ദേഹം 'ഹം ദോ ഹമാരെ ദോ' എന്ന മുദ്രാവാക്യം സഭയില്‍ ഉദ്ധരിക്കുകയും ചെയ്തു. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സംവിധാനത്തെ നശിപ്പിക്കുമെന്നും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ വ്യവസായികള്‍ക്ക് പരിധിയില്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും പൂഴ്ത്തിവയ്ക്കാനും അനുവദിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഇത് കര്‍ഷകരുടെ പ്രക്ഷോഭമല്ല, മറിച്ച് രാജ്യത്തിന്റേതാണെന്നും കര്‍ഷകര്‍ വഴി കാണിക്കുന്നത് മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് റദ്ദാക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ലോക്‌സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. രാഹുലിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

Tags:    

Similar News