രാജ്യത്ത് നാല് പേര്‍ക്ക് കൂടി ജനിതക മാറ്റം സംഭവിച്ച കൊവിഡ്; രോഗ ബാധിതരുടെ എണ്ണം 29 ആയി

Update: 2021-01-01 12:41 GMT

ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയില്‍ നാല് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് വകഭേദം ബാധിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ ഡല്‍ഹിയിലും ബെംഗളൂരുവിലും പൂണെയിലും ഹൈദരാബാദിലും പശ്ചിമബംഗാളിലുമാണ് നല്‍കിയിരിക്കുന്നത്. ഈ 29 പേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, കൂടുതല്‍ വ്യാപനശേഷിയുളളതിനാല്‍ അതീവ ജാഗ്രത നിര്‍ദേശത്തിലാണ് രാജ്യം. നിലവില്‍ ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, ആസ്ത്രീയ, ഇറ്റലി, സ്വീഡന്‍, ഫ്രാന്‍സ്, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, കാനഡ, ജപ്പാന്‍, ലെബനന്‍, സിംഗപൂര്‍ എന്നിവിടങ്ങളില്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിനും 22നും ഇടയില്‍ വിദേശത്തുനിന്ന് വന്നവരുടെ സാംപിളുകള്‍ ജീനോം സീക്വന്‍സിങ് നടത്തുന്നുണ്ട്. ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യാത്രാനിരോധനം ജനുവരി ഏഴുവരെ നീട്ടിയിട്ടുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്തമാസം തുടരാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.