മധുരയില്‍ 398 പാചകവാതക സിലിണ്ടറുകള്‍ പിടികൂടി; രണ്ടുപേര്‍ ഗുണ്ടാ നിയമത്തില്‍ അറസ്റ്റില്‍

Update: 2026-03-13 09:11 GMT

മധുര: പാചകവാതക സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കായി സംഭരിച്ച കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയില്‍ നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് 398 സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇരുവര്‍ക്കുമെതിരേ ഗുണ്ടാ നിയമപ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു.

സിവില്‍ സപ്ലൈസ് ക്രൈം ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകള്‍ അനധികൃതമായി സംഭരിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കോവില്‍പ്പപ്പാക്കുടി പ്രദേശത്ത് പാലനി എന്നയാളുടെ വീട്ടിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് നിന്ന് 100 സബ്‌സിഡി ഗാര്‍ഹിക സിലിണ്ടറുകളും 109 വാണിജ്യ സിലിണ്ടറുകളും കണ്ടെത്തി.

ഇതോടൊപ്പം ആനന്ദം നഗറില്‍ മദന്‍ കുമാര്‍ (27) എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 63 ഗാര്‍ഹിക സിലിണ്ടറുകളും 126 വാണിജ്യ സിലിണ്ടറുകളും ഉള്‍പ്പെടെ 189 സിലിണ്ടറുകള്‍ കൂടി പിടികൂടി. ഇരുവര്‍ക്കുമെതിരേ അവശ്യവസ്തു നിയമപ്രകാരം കേസെടുത്തതോടൊപ്പം ഗുണ്ടാ നിയമപ്രകാരം തടങ്കലിലാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിലിണ്ടര്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല ഹോട്ടലുകളിലും ദോശ, പൂരി, പൊറോട്ട തുടങ്ങിയ വിഭവങ്ങള്‍ മെനുവില്‍ നിന്ന് കുറഞ്ഞ് തുടങ്ങി.

Tags: