കൊവിഡ് 19: എറണാകളത്ത് 3961 പേര്‍ നീരീക്ഷണത്തില്‍

Update: 2020-03-22 14:14 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 930 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 420 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ജില്ലയില്‍ നിലവില്‍ ആശുപത്രികളിലും വീടുകളിലും ആയി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3984 ആണ്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവര്‍ 3961ഉം ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവര്‍ 23മാണ്. 19 പേര്‍ മെഡിക്കല്‍ കോളേജിലും 4 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ്. ഇന്ന് പുതുതായി 6 പേരെ കൂടി ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 3 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ്.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളില്‍ 46 സ്‌ക്വാഡുകള്‍ രോഗനിരീക്ഷണ, പരിശോധനകള്‍ക്കായി പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര ടെര്‍മിനലിലെ ആഗമന മേഖലയില്‍ മാത്രം 29 സ്‌ക്വാഡുകള്‍. ഓരോ വിമാനത്തിലും വന്നിറങ്ങുന്ന യാത്രക്കാരുടെ ലിസ്റ്റ് സൂക്ഷിച്ചുവച്ച്, അതില്‍ ആരെങ്കിലും പിന്നീട് കൊവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ ഒപ്പം സഞ്ചരിച്ച യാത്രികരെ ഉടനെത്തന്നെ ജാഗരൂകരാക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റെയില്‍വേ സ്‌റ്റേഷനുകളിലും പൊതു നിരത്തുകളിലും 7 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. ജനതാകര്‍ഫ്യൂവിന്റെ പശ്ചാത്തലത്തില്‍ 1833 വാര്‍ഡുകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന ഭവനസന്ദര്‍ശനങ്ങള്‍ ഒഴിവാക്കി.

ജില്ലയില്‍ നിലവില്‍ 72 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികള്‍, ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവയാണ് യാത്രികരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ തയ്യാറാക്കിയിട്ടുള്ളത്. നിലവില്‍ 8 പേര്‍ തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയില്‍ സജ്ജീകരിച്ചിട്ടുള്ള കെയര്‍ സെന്ററില്‍ ഉണ്ട്. 1801 മുറികള്‍ ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.


Tags:    

Similar News