24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3.92 ലക്ഷം കൊവിഡ് രോഗികള്‍; 3689 മരണം

Update: 2021-05-02 04:07 GMT

ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3.92 ലക്ഷം പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുളളില്‍ 3689 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 4.01 ലക്ഷം പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയാണ് രാജ്യത്തെ ഏറ്റവും കൊവിഡ് ബാധിത സംസ്ഥാനം. അടുത്ത സ്ഥാനത്ത് കേരളവും കര്‍ണാടകയും ഉത്തര്‍പ്രദേശും ഉണ്ട്.

കഴിഞ്ഞ ദിവസം മുതല്‍ രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി. കണക്കനുസരിച്ച് 84,599 പേരാണ് 18-45 വയസ്സുകാരില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം.

രാജ്യത്ത് ഇതുവരെ 15.66 കോടി പേര്‍ കൊവിഡ് വാക്‌സിന്‍ എടുത്തു. അതില്‍ 16 ലക്ഷം കഴിഞ്ഞ ദിവസം വാക്‌സിനെടുത്തവരാണ്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് കൊവിഡ് ടെക്‌നിക്കല്‍ എക്‌സപര്‍ട്ട് ഗ്രൂപ്പിന്റെ ഉപദേശം. എയിംസിലെയും ഐസിഎംആറിലെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഈ സമയിയുടെ ചെയര്‍മാന്‍ വി കെ പോള്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കും. ലോക്ക് ഡൗണ്‍ ഇല്ലാതെ സ്ഥിതിഗതികള്‍ നേരിടാനാവില്ലെന്നാണ് അംഗങ്ങള്‍ പറയുന്നത്.

കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി മോദി ഇന്ന് രാവിലെ അവലോകനയോഗം വിളിച്ചിട്ടുണ്ട്. യോഗം രാജ്യത്തെ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയും ബെഡുകളുടെ ലഭ്യതയും പരിശോധിക്കും.

അതിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രി 15 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.