38 മണ്ഡലങ്ങള്‍, 173 സ്ഥാനാര്‍ത്ഥികള്‍; മണിപ്പൂരില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

Update: 2022-02-26 18:30 GMT

ന്യൂഡല്‍ഹി; മണിപ്പൂര്‍ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 60 മണ്ഡലങ്ങളില്‍ 38 എണ്ണത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 173 സ്ഥാനാര്‍ത്ഥികള്‍ മല്‍സരരംഗത്തുണ്ട്. 15 പേര്‍ വനിതകളാണ്. 

സുരക്ഷാസജ്ജീകരണങ്ങളുടെ ഭാഗമായി സിആര്‍പിഎഫിനെ വിന്യസിപ്പിച്ചിട്ടുണ്ട്. 

38 മണ്ഡലങ്ങളില്‍, 1,721 പോളിങ് സ്‌റ്റേഷനുകളിലായി 9,895 പോളിങ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിനാവശ്യമായ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. മാസ്‌കും മറ്റ് കൊവിഡ് നിര്‍ദേശങ്ങളും പാലിച്ചുമാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. 

ആദ്യ ഘട്ടത്തില്‍ 12,22,713 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 6,29,276 പേര്‍ വനിതകളാണ്. 15 സ്ത്രീകളടക്കം 173 പേര്‍ മല്‍സരരംഗത്തുണ്ട്.

മണിപ്പൂരിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ സംഘര്‍ഷങ്ങളുണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ഥാനാര്‍ത്ഥിക്കും ഒരു സ്ഥാനാര്‍ത്ഥിയുടെ പിതാവിനും പരിക്കുപറ്റി.

രണ്ട് മാസമായി നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണം ശനിയാഴ്ചയാണ് അവസാനിച്ചത്. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിനു മാത്രമേ അനുമതിയുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ, രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, ജെയ്‌റാം രമേശ് തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.

പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കുക, സത്രീശാക്തീകരണം, തൊഴിലില്ലായ്മ തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍.  

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 5ന് നടക്കും. മാര്‍ച്ച് 10ന് നോട്ടെണ്ണല്‍. 

Tags: