അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചത് 34,550 പേര്‍; 5.17 കോടി പിഴ ഈടാക്കി

Update: 2023-02-11 01:44 GMT

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 2021 മെയ് 21 മുതല്‍ 2023 ജനുവരി 31 വരെ സംസ്ഥാനത്ത് 34550 പേര്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തി. ഇവരുടെ കാര്‍ഡുകള്‍ മാറ്റുകയും പിഴയിനത്തില്‍ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ജില്ലാടിസ്ഥാനത്തില്‍ ആലപ്പുഴയിലാണ് കൂടുതല്‍ ആളുകള്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശംവച്ചതായി കണ്ടെത്തിയത്8896, രണ്ടാമത് പത്തനംതിട്ട- 5572. ഈ സര്‍ക്കാറിന്റെ കാലയളവില്‍ ആകെ 3,31,152 പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. ഇതില്‍ 77962 പിങ്ക് കാര്‍ഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാര്‍ഡുകളും (എന്‍.പി.എന്‍.എസ്) 6780 ബ്രൗണ്‍ കാര്‍ഡുകളും (എന്‍.പി.ഐ) ആണ്.

ഇതേ കാലയളവില്‍ മാറ്റി കൊടുത്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം 288271 ആണ്. ഇതില്‍ 20712 മഞ്ഞ കാര്‍ഡുകളും 267559 പിങ്ക് കാര്‍ഡുകളുമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ 4818143. ഇവയില്‍ 4770733 അപേക്ഷകള്‍ തീര്‍പ്പാക്കി. പിങ്ക് കാര്‍ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബര്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ 73228 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാര്‍ഡ് മാറ്റത്തിന് 49394 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. നിലവില്‍ സംസ്ഥാനത്ത് ആകെ 93,37,202 റേഷന്‍ കാര്‍ഡുകള്‍ ആണുള്ളത്. ഇതില്‍ 587806 മഞ്ഞ കാര്‍ഡുകളും 3507394 പിങ്ക് കാര്‍ഡുകളും 2330272 നീല കാര്‍ഡുകളും 2883982 വെള്ള കാര്‍ഡുകളും 27748 ബ്രൗണ്‍ കാര്‍ഡുകളുമാണ്.

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് 'ഓപ്പറേഷന്‍ യെല്ലോ' പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറിലോ 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇപ്രകാരം ലഭ്യമായ പരാതികള്‍ പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.

കഴിഞ്ഞ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ ഫോണ്‍ഇന്‍പരിപാടിയില്‍ 22 പരാതികള്‍ കേട്ടു. ഭക്ഷ്യവകുപ്പുകളുടെ പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, അരിയില്‍ നിറം ചേര്‍ക്കുന്നു എന്ന പരാതികള്‍ കണ്‍സ്യൂമര്‍ കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതി വകുപ്പിലേക്ക് കൈമാറി അന്വേഷണം നടത്തി പരിഹരിച്ചതായും ജി ആര്‍ അനില്‍ അറിയിച്ചു.

Tags: