പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അഭയാര്‍ത്ഥികളുടെ കണക്ക് പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

രാജ്യത്ത് പൗരത്വ പ്രക്ഷോഭം ഏറ്റവും ശക്തമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 19 പേരെ ഈ സമരത്തിനിടയില്‍ പോലിസ് വെടിവച്ചുകൊന്നിരുന്നു.

Update: 2020-01-13 15:11 GMT

ലഖ്‌നോ: പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിലായ ഗസറ്റ് വിജ്ഞാപനം പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ കണക്ക് പ്രഖ്യാപിച്ചു. കണക്കനുസരിച്ച് സംസ്ഥാനത്ത് 21 ജില്ലകളിലായി 32000 അഭയാര്‍ത്ഥികളാണ് ഉള്ളത്.

''പൗരത്വ ഭേദഗതി നിയമ നോട്ടിഫിക്കേഷന്‍ വന്ന ഉടനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റ്മാരോട് ഇതു സംബന്ധിച്ച് കണക്കുകള്‍ എടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യ കണക്കെടുപ്പനുസരിച്ച് 32000 അഭയാര്‍ത്ഥികളാണ് ഉള്ളത്. കൂടുതല്‍ കൃത്യമായ കണക്കെടുപ്പ് തുടരുകയാണ്.'' ഉത്തര്‍ പ്രദേശിലെ മന്ത്രി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

ഇപ്പോള്‍ എടുത്ത കണക്കു പ്രകാരം 32000 പേരില്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടുന്നു. അലിഗഢ്, പിലിബിത്ത്, ലഖ്‌നോ, വരാണസി, രാംപൂര്‍, മീററ്റ്, സഹ്‌റന്‍പൂര്‍, ഖോരക്പൂര്‍, പ്രതാപ്ഘര്‍, ബഹ്‌റൈയ്ച്ച്, ആഗ്ര ജില്ലകളിലാണ് അഭയാര്‍ത്ഥികള്‍ അധികമുള്ളത്.

രാജ്യത്ത് പൗരത്വ പ്രക്ഷോഭം ഏറ്റവും ശക്തമായ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 19 പേരെ ഈ സമരത്തിനിടയില്‍ പോലിസ് വെടിവച്ചുകൊന്നിരുന്നു.

നാഗരിക് അധികാര്‍ മഞ്ച് എന്ന സര്‍ക്കാരിതര സംഘടനയാണ് 116 പേജുള്ള റിപോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ ഈ റിപോര്‍ട്ടും കണക്കിലെടുത്തിരുന്നു.  

Similar News