ന്യൂഡല്‍ഹി: കഴിഞ്ഞ 18 മാസത്തിനിടയില്‍ രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. ഈ സമയത്തിനുള്ളില്‍ 5,771 എഫ്‌ഐആറുകളും 3,17,439 സൈബര്‍ കുറ്റകൃത്യങ്ങളും നടന്നതായി കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. അതില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് നടന്നത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരിരേയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അക്കാര്യം അധികാരികളെ അറിയിക്കുന്നതിനും വേണ്ടി 2019 ആഗസ്റ്റ് 30 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സൈബര്‍ റിപോര്‍ട്ടിങ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി പറഞ്ഞു.
പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം 3,17,439 സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. 2021 ഫെബ്രുവരി 28, വരെ 5,771 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 21,562 കുറ്റകൃത്യങ്ങളും 87 എഫ്‌ഐആറുകളും കര്‍ണാടകയിലാണ്. 50,806 കുറ്റകൃത്യങ്ങളും 534 എഫ്‌ഐആറുകളും മഹാരാഷ്ട്രയിലുമാണ്- എഴുതിത്തയ്യാറാക്കിയ ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
റിപോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനും കേസെടുക്കാനുമുള്ള ചുമതല സംസ്ഥാന, കേന്ദ്രഭരണപ്രദേശ അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
