തൊഴിലിടങ്ങളിലെ വംശീയതയും വിവേചനവും: കൊല്‍ക്കൊത്തയില്‍ 300 മണിപ്പൂരി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി

Update: 2020-05-21 02:35 GMT

കൊല്‍ക്കൊക്ക: കൊവിഡ് 19 ഭീതി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലും തങ്ങള്‍ അനുഭവിക്കുന്ന കടുത്ത വംശീയ വിവേചനത്തില്‍ മനംമടുത്ത് മണിപ്പൂരില്‍ നിന്നുള്ള 300 നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ചു മടങ്ങി. നഴ്‌സുമാര്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് കൊല്‍ക്കൊത്ത വിട്ട വിവരം മണിപ്പൂര്‍ ഭവനിലെ റസിഡന്റ് കമ്മീഷ്ണര്‍ ജെ എസ് ജോയിറിതയാണ് പുറത്തുവിട്ടത്.

''ഏകദേശം 60 നഴ്‌സുമാര്‍ നാളെ സംസ്ഥാനം വിടും. ഓരോ ദിവസവും നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് ലഭിക്കുന്നത്-അവര്‍ പറഞ്ഞു.

185 നഴ്‌സുമാര്‍ തങ്ങള്‍ നേരിടുന്ന വംശീയവിവേചനത്തിന്റെ പേരില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോയ വിവരം നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. '' ഞങ്ങള്‍ക്ക് ജോലി പാതിവഴിയില്‍ വിട്ടുപോകാന്‍ ഇഷ്ടമില്ല. പക്ഷേ, ഇവിടെ അനുഭവിക്കുന്ന വംശീയ വിവേചനം സഹിക്കാനാവില്ല. ചിലര്‍ ഞങ്ങളുടെ മുഖത്തു തുപ്പുക പോലും ചെയ്യുന്നു. പോകുന്നിടത്തെല്ലാം ആളുകള്‍ ഞങ്ങളെ അകാരണമായി ചോദ്യം ചെയ്യുന്നു. മാത്രമല്ല, ഇവിടെ ആശുപത്രികളില്‍ മതിയായ സുരക്ഷാകിറ്റുകളും ലഭ്യമല്ല''- ഒരു നഴ്‌സ് മാധ്യമങ്ങളോട് പറഞ്ഞു.

വിവേചനം മണിപ്പൂരികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ലെന്നാണ് വിവരം. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കൊല്‍ക്കത്തയിലെയും പ്രാന്തപ്രദേശങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ 6,500 നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ എണ്‍പത് ശതമാനം വരുന്ന അയ്യായിരത്തിലധികം പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മണിപ്പൂരില്‍ നിന്നുള്ള 300 പേര്‍ ഉള്‍പ്പെടെ 500 ഓളം നഴ്‌സുമാര്‍ ഇപ്പോള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്.

കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കൊത്തയിലെ നിരവധി ആശുപത്രികള്‍ അടച്ചുപൂട്ടി. അവിടെ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് അതോടെ ശമ്പളം ലഭിക്കാതായി. അതിനും പുറമേ നഴ്‌സുമാരെ പ്രദേശവാസികള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കച്ചവടക്കാര്‍ പണം നല്‍കിയാലും സാധനങ്ങള്‍ നല്‍കുന്നില്ല. പ്രാദേശിക അധികാരികളെ അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. മണിപ്പൂരില്‍ നിന്നുള്ള നഴ്‌സുമാരെ ചൈനീസ് കൊറോണ എന്ന് വിളിച്ച് പരിഹസിക്കുന്നതായും റിപോര്‍ട്ടുണ്ട്.

മണിപ്പൂരി ഇന്‍ കൊല്‍ക്കൊത്ത(എഐകെ) എന്ന സംഘടന മണിപ്പൂരികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സുരക്ഷ, വംശീയത, ശമ്പളമില്ലായ്മയോ തുച്ഛമായ ശമ്പളമോ, ജോലി ചെയ്യുന്ന അന്തരീക്ഷം, വ്യക്തിഗത സുരക്ഷ, താമസസൗകര്യം, മാനസികാരോഗ്യം, വിഷാദം എന്നിങ്ങനെ മണിപ്പൂരി നഴ്‌സുമാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ടെന്ന് എംഐകെ പ്രസിഡന്റ് ക്ഷത്രീമയം ശ്യാംകേഷോ സിംഗ് പറഞ്ഞു. കൊല്‍ക്കൊത്തയിലെ ആരോഗ്യസുരക്ഷാ രംഗത്ത് ഏറെ പ്രാധാന്യമുള്ളവരാണ് മണിപ്പൂരില്‍ നിന്നുള്ള നഴ്‌സുമാര്‍.

Tags:    

Similar News