48 മണിക്കൂറിനുള്ളില്‍ സാങ്കേതിക കാരണങ്ങളാല്‍ രാജ്യത്ത് 3 അടിയന്തര വിമാന ലാന്‍ഡിങ്ങുകള്‍: വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2022-07-17 12:39 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിലായി രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നടന്നത് മൂന്ന് അടിയന്തര ലാന്‍ഡിങ്. മൂന്ന് വ്യത്യസ്ത വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ക്കാണ് അടിയന്തരമായി താഴെയിറങ്ങേണ്ടിവന്നത്.

ശനിയാഴ്ചയും വെള്ളിയാഴ്ചയുമായി കോഴിക്കോട്, ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് അടിയന്തരമായി വിമാനം താഴെയിറക്കേണ്ടിവന്നതെന്ന് വ്യോമയാന ഡയറക്ട്രേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എയര്‍ അറേബ്യയുടെ ജി 9-426 വിമാനം കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പോകുന്നതിനിടയിലാണ് ഹൈഡ്രോളിക് തകറാറ് കണ്ടത്. റണ്‍വേയില്‍ ഇറക്കിയ വിമാനം കെട്ടിവലിച്ചാണ് ബെയിലേക്ക് മാറ്റിയത്.

എത്യോപ്യന്‍ എയര്‍ലൈന്റെ അഡിസ് അബാബസില്‍നിന്ന് ബാങ്കോക്കിലേക്ക് പോകുന്ന വിമാനം ജൂലൈ 16ന് മര്‍ദ്ദപ്രശ്‌നം കൊണ്ട് കൊല്‍ക്കത്തിയില്‍ ഇറങ്ങേണ്ടിവന്നു.

ജൂലൈ 15ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനം ചെന്നൈയില്‍ ഇറങ്ങേണ്ടിവന്നത് ഹൈഡ്രോളിക്  തകരാറുകൊണ്ടാണ്.

വ്യോമയാന ഡയറക്ടറേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഷാര്‍ജയില്‍നിന്നുള്ള ഇന്‍ഡിഗൊ വിമാനം തകരാറ് കണ്ടതിനെത്തുടര്‍ന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. ഹൈദരാബാദിലേക്ക് പോകുന്ന ഈ വിമാനത്തിലെ യാത്രികരെ മറ്റൊരു വിമാനത്തില്‍ കറാച്ചിയില്‍നിന്ന് ഹൈദരാബാദിലെത്തിച്ചു.