കര്‍ണാടക സര്‍ക്കാറിനെതിരേ സമരവുമായി 29 സംഘടനകള്‍

നിയമസഭാ സമ്മേളനം തുടങ്ങുന്ന സെപ്റ്റംബര്‍ 21 ന് ബെംഗളൂരുവില്‍ പ്രതിഷേധ റാലിയുടെ രൂപത്തിലാണ് സമരം ആരംഭിക്കുക.

Update: 2020-09-14 18:46 GMT

ബെംഗളുരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാറിനെതിരേ യോജിച്ച പ്രക്ഷോഭം നടത്താന്‍ 29 സംഘടനകളുടെ തീരുമാനം. കര്‍ണാടക രാജ്യ റൈത്ത സംഘ, ദലിത് സംഗര്‍ഷ സമിതി, തൊഴിലാളി സംഘടനകള്‍ എന്നിവയുള്‍പ്പെടെയുള്ള 29 സംഘടനകളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുന്നത്. നിയമസഭാ സമ്മേളനം തുടങ്ങുന്ന സെപ്റ്റംബര്‍ 21 ന് ബെംഗളൂരുവില്‍ പ്രതിഷേധ റാലിയുടെ രൂപത്തിലാണ് സമരം ആരംഭിക്കുക.

'തൊഴിലില്ലായ്മ, ഭൂപരിഷ്‌കരണ നിയമം അട്ടിമറിക്കല്‍ എന്നിവക്കെതിരേ സംയുക്ത പോരാട്ടം നടത്തുമെന്ന് കര്‍ണാടക സംസ്ഥാന കരിമ്പ് കര്‍ഷകരുടെ അസോസിയേഷന്‍ പ്രസിഡന്റ് കുരുബൂര്‍ ശാന്തകുമാര്‍ അറിയിച്ചു. ഇതിനായി ''ഐക്യ ഹൊറാട്ട സമിതി'' (ഐക്യ സമര സമിതി) രൂപീകരിച്ചു. കൃഷിക്കാര്‍, ദലിതര്‍, തൊഴിലാളികള്‍, പുരോഗമന സംഘടനകളിലെ അംഗങ്ങള്‍ എന്നിവര്‍ സമരങ്ങളില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭാ സമ്മേളനത്തിന് സമാന്തരമായി സമ്മേളനവും നടത്തും. യോഗേന്ദ്ര യാദവ്, ദേവീന്ദര്‍ ശര്‍മ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. 

Tags:    

Similar News