28 ടീമുകള്‍, 4,500 പേര്‍ക്കിരിക്കാവുന്ന ഗ്യാലറി; അരീക്കോട് ജനകീയ കമ്മിറ്റിയുടെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് നാളെ തുടക്കം
അരീക്കോട്: അരീക്കോട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ മത്സരം 27 ഞായറാഴ്ച അരീക്കോട് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു.
12 വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഫുട്‌ബോള്‍ മത്സരം നടക്കുന്നത്. 4,500 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഭിന്നശേഷികാര്‍ക്കും സ്ത്രീകള്‍ക്കു പ്രത്യേകം ഇടം ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഇളവും നല്‍കുന്നതാണ്.
സംസ്ഥാന സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ മേല്‍ നോട്ടത്തിലാണ് മത്സരം നടക്കുകയെന്ന് കണ്‍വീനര്‍ സുല്‍ഫീക്കര്‍ പറഞ്ഞു. ഞായര്‍ വൈകീട്ട് ഏഴിന് പി കെ ബഷീര്‍ എംഎല്‍എ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യും. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കിഴുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി കെ ടി അബ്ദുഹാജി, പി വി ഉസ്മാന്‍, വി പി സഫിയ, ജിഷ പങ്കെടുക്കും.