മലപ്പുറം: മലപ്പുറം ജില്ലയിലെ ചെറുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം. പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെയാണ് വര്‍ക്ക്‌ഷോപ്പില്‍ തീ പടര്‍ന്നത്. രാത്രി 12.30 വരെ ജീവനക്കാര്‍ വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ മടങ്ങിയ ശേഷമാണ് തീപിടിത്തം ഉണ്ടായതെന്നുമാണ് വിവരം. വര്‍ക്ക്‌ഷോപ്പിലുണ്ടായിരുന്ന 26 ബൈക്കുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
തീപിടിത്തം വര്‍ക്ക്‌ഷോപ്പിന് സമീപത്തെ മൃഗാശുപത്രിയിലേക്കും പടരുകയും അവിടെയും നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.