പക്ഷിപ്പനി: ജാര്‍ഖണ്ഡില്‍ നിന്ന് 2,500 സാംപിളുകള്‍ ലാബ് പരിശോധനയ്ക്കയച്ചു

Update: 2021-01-12 18:27 GMT

ന്യൂഡല്‍ഹി: രാജ്യത്താസകലം പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാര്‍ഖണ്ഡില്‍ നിന്ന് 2,500 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതായി ജാര്‍ഖണ്ഡ് സംസ്ഥാന മൃഗസംരക്ഷണ വിഭാഗം ഡയറക്ടര്‍ നാന്‍സി സഹായ് പറഞ്ഞു.

ഇതുവരെയും വളര്‍ത്തുപക്ഷികളിലും ഇറച്ചിക്കോഴികളിലും പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. എങ്കിലും സംസ്ഥാനത്ത് 'ദ്രുതകര്‍മ സേനയെ' നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

''മൃഗസംരക്ഷണ വകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. സംസ്ഥാനത്ത ദ്രുതകര്‍മ സേനയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. എല്ലാ വകുപ്പുകളോടും ജാഗ്രതപാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്''- അദ്ദേഹം പറഞ്ഞു.അതിനിടയില്‍ ജാര്‍ഖണ്ഡിലെ ദുമ്ക ജില്ലയില്‍ ഷികാരിപാറയില്‍ മൈനകളെയും കാക്കകളെയും ചത്ത നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

നിലവില്‍ പക്ഷിപ്പനി കേരളം, രാജസ്ഥാന്‍, ഹിമാചല്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് പക്ഷിപ്പനിയുടെ രണ്ട് വകഭേദങ്ങളാണ് തിരിച്ചറിഞ്ഞിട്ടുളളത്.

Tags:    

Similar News