ലോക്ക് ഡൗണ്‍കാലത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 25 മാലിന്യനിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി സഫാരി കര്‍മചാരി കമ്മീഷന്‍

Update: 2021-07-28 13:27 GMT

ന്യൂഡല്‍ഹി: ലോക്കഡൗണ്‍ കാലത്ത് ജോലി ചെയ്യേണ്ടിവന്നതിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചത് 254 മാലിന്യ നിര്‍മാര്‍ജന തൊഴിലാളികളെന്ന് ഡല്‍ഹി കര്‍മചാരി കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ലോക്ക് ഡൗണ്‍ കാലത്ത് ജോലി ചെയ്ത് കൊവിഡിനിരയായി മരിച്ചവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

സാമൂഹികപ്രവര്‍ത്തകന്‍ ഹര്‍നാം സിങ്ങിനുവേണ്ടി അഭിഭാഷകനായ മെഹ്മൂദ് പ്രാചലിത് ആണ് സുരക്ഷാ ഉപകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികളുടെ പ്രശ്‌നത്തിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്. 

മാലിന്യ നിര്‍മാജന തൊഴിലാളികള്‍ കൊവിഡ് മുന്നണിപ്പോരാളികളാണെന്നും ജോലിക്കിടയില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും  ജോലിക്കിടയില്‍ മരിച്ചവര്‍ക്ക് ഒരു കോടി മുതല്‍ 10 ലക്ഷം വരെ കൊടുത്തിട്ടുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അധ്യക്ഷനും ജസ്റ്റിസ് ജ്യോതി സങ് അംഗവുമായ ബെഞ്ച് സപ്തംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും.

മാലിന്യ നിര്‍മാര്‍ജന ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ള വേതനത്തിന്റെ കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

മാലിന്യനിര്‍മാര്‍ജന തൊഴിലാളികള്‍ ആവശ്യമായ സുരക്ഷാസംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെയാണ് ജോലിയെടുക്കേണ്ടിവരുന്നതെന്ന് ഹരജിയില്‍ പറയുന്നു.

ഓരോ തൊഴിലാളികള്‍ക്കും നല്‍കുന്ന സുരക്ഷാ ഉപകരണങ്ങളുടെ വിവരം എഴുതി സൂക്ഷിക്കാനും കോടതി നിര്‍ദേശിച്ചു.