ആലപ്പുഴയില്‍ തെരുവുനായ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്ക്

Update: 2025-12-14 14:17 GMT

ആലപ്പുഴ: ആലപ്പുഴയില്‍ തെരുവ് നായ ആക്രമണത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. കായംകുളത്തും ആലപ്പുഴ ആര്യാട്, കൊറ്റംകുളങ്ങര ഭാഗങ്ങളിലുമാണ് തെരുവ് നായ ആക്രമണം. രണ്ട് കുട്ടികള്‍ക്കും കടിയേറ്റു. കായംകുളം മേടമുക്ക് ജങ്ഷനില്‍ രാവിലെ എട്ടരയോടെയാണ് മാര്‍ക്കറ്റിലേക്ക് പോയവരെയും റോഡിലൂടെ സഞ്ചരിച്ചവരെയും നായ ആക്രമിച്ചത്. പത്തു പേര്‍ക്ക് കടിയേറ്റു. സാരമായി പരിക്കേറ്റ കായംകുളം സ്വദേശികളായ നസീര്‍, സരള, അതിഥി തൊഴിലാളി സൈജു, ആറു വയസുകാരന്‍ സഹദ് എന്നിവരെ കായംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി. ഏതാനും ദിവസമായി നായയെ മാര്‍ക്കറ്റ് ഭാഗത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് ആലപ്പുഴ ആര്യാട് ഭാഗത്ത് കുട്ടിയടക്കം 15 പേരെ നായ ആക്രമിച്ചത്. പിന്നീട് നായയെ പിടികൂടി. കായംകുളത്തും ആലപ്പുഴയിലും ആള്‍ക്കാരെ ആക്രമിച്ച നായകള്‍ക്ക് പേവിഷ ബാധയുണ്ടോയെന്ന് പരിശോധിക്കും.

Tags: