സാമൂതിരി രാജകുടുംബത്തിന് സ്‌പെഷ്യല്‍ അലവന്‍സായി 2.5 കോടി രൂപ; പരിഹാസവുമായി സാമൂഹികമാധ്യമങ്ങള്‍

Update: 2021-06-30 17:24 GMT

കോഴിക്കോട്: സാമൂതിരി രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ ഇനത്തില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ 2,58,56,000 രൂപ അനുവദിച്ചതിനെതിരേ പരിഹാസവുമായി സാമൂഹികമാധ്യമങ്ങള്‍. കൊവിഡ് കാലത്ത് ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ ഈ പണം വാങ്ങാന്‍ നാണമില്ലേയെന്നാണ് ചിലര്‍ ചോദിക്കുന്നത്. കൊടുക്കുന്നവര്‍ക്ക് നാണമില്ലെങ്കിലും വാങ്ങുന്നവര്‍ക്കുവേണ്ടേയെന്നും ചോദിക്കുന്നവരുണ്ട്.

''എന്നാലും കോഴിക്കോട്ടെ സാമൂതിരി രാജകുമാര കുമാരിമാരേ, എന്തൊരു ദാരിദ്ര്യമാണെടോ? സാധാരണ മനുഷ്യരുടെ നികുതിപ്പണമാണ് അണ്ണാക്കിലേക്ക് തള്ളിത്തരുന്നത്. കൊടുക്കുന്ന സര്‍ക്കാരിനോ ഉളുപ്പും മാനവുമില്ല. വാങ്ങുന്ന നിങ്ങള്‍ക്കെങ്കിലും...'' എന്നാണ് ഷമീര്‍ കെ മുണ്ടോത്തിന്റെ ചോദ്യം. 



 സമാനമായ പരിഹാസങ്ങളുമായി നിരവധി പ്രതികരണങ്ങളും വരുന്നുണ്ട്. സിപിഎം വൃത്തങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയാണ് ഇത് തുടങ്ങിയതെന്ന് ചില സൈബര്‍ സേനാംഗങ്ങള്‍ ന്യായീകരിച്ചെങ്കിലും ഇപ്പോള്‍ ഭരിക്കുന്നത് ഉമ്മന്‍ചാണ്ടിയല്ലെന്നും മറ്റ്ചിലര്‍ ചൂണ്ടിക്കാട്ടി.

സാമൂതിരി രാജവംശത്തിന്റെ പിന്‍ഗാമികള്‍ക്ക് പ്രതിമാസം 2,500 രൂപ പെന്‍ഷന്‍ നല്‍കാന്‍ 2013 ജൂണ്‍ 25ന് ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണ് തീരുമാനിച്ചത്. കുടുംബത്തിലെ മൂന്ന് ശാഖകളില്‍ നിന്നുള്ള 826 അംഗങ്ങള്‍ക്കും പ്രതിമാസം 2,500 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ കേവലം ഒരു മാനുഷിക പരിഗണനയുടെ ഭാഗമല്ലെന്നും കേരളത്തിന്റെ പുരോഗതിക്കായി അവര്‍ നല്‍കിയ സ്വത്തിനും സമ്പത്തിനും ന്യായമായ നഷ്ടപരിഹാരമാണ് ഇതെന്നുമാണ് ഉമ്മന്‍ചാണ്ടി വിശദീകരിച്ചത്. 

ഏപ്രില്‍ അവസാനം ഇറങ്ങിയ ഉത്തരവ് ഇപ്പോഴാണ് ചര്‍ച്ചയായത്.

Tags: