പൗരത്വ സമരത്തിനിടയില്‍ യുപിയില്‍ കൊല്ലപ്പെട്ടത് 23 പേര്‍, അറസ്റ്റിലായത് 3,000, 350 എഫ്‌ഐആറുകള്‍...: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മുസ് ലിം വിരുദ്ധത വ്യക്തമാക്കി അന്വേഷണ റിപോര്‍ട്ട്

Update: 2022-02-17 06:18 GMT

ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധങ്ങളില്‍ പോലിസ് അതിക്രമത്തിന് ഇരയായവരെക്കുറിച്ചുള്ള വസ്തുതാന്വേഷണ റിപോര്‍ട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന സമരങ്ങളോട് രാജ്യത്തെ വ്യത്യസ്ത സര്‍ക്കാരുകള്‍ വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. അതില്‍ ഏറ്റവും മോശമായി ഇടപെട്ടത് യുപി പോലിസാണ്. അതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

'തുല്യപൗരത്വത്തിനുവേണ്ടിയുള്ള യുപിയിലെ പോരാട്ടം; എഫ്‌ഐആറുകള്‍, കൊള്ള, അറസ്റ്റ്, മുസ്‌ലിം ന്യൂനപക്ഷ പീഡനം എന്നിവയുടെ കഥ' എന്ന പേരിലാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. യുപിയിലെ പൗരത്വപ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത 23 പേരെയാണ് പോലിസ് വെടിവച്ചുകൊന്നത്. ദേശീയ തലത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യുപിയിലാണ്.

2019 ഡിസംബറില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിവേചനപരമായി മാത്രമല്ല, പ്രതികാരത്തോടെയാണ് പെരുമാറിയതെന്ന് ഇരകള്‍ തെളിവു നല്‍കി.

ബുധനാഴ്ച ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബില്‍വച്ചാണ് പ്രകാശനം നടന്നത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍)ആണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

'അതിജീവിച്ചവര്‍ക്കും ഇരകള്‍ക്കും നീതി നിഷേധിക്കുക മാത്രമല്ല, അവരോട് 'പ്രതികാര'ത്തോടെ ഇടപെടുകയും ചെയ്തു. മുസ് ലിംകളുടെയും പൊതുസമൂഹത്തിന്റെയും നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളെ പൊതുസ്മരണയില്‍ നിന്ന് പൂര്‍ണമായും മായ്ച്ചുകളയുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു. അതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂട്ടുനിന്നു'- റിപോര്‍ട്ട് പറയുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരുടെ ഭരണഘടനാപരമായ ബാധ്യത കയ്യൊഴിഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങള്‍ റിപോര്‍ട്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. ''ഇപ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചുള്ള തീരുമാനമെടുത്തിട്ടില്ല. 'പൊതുജനങ്ങളുടെ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തി രണ്ട് വര്‍ഷത്തിനു ശേഷവും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും അംഗഭംഗം വന്നവര്‍ക്കും സ്വത്ത് നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഒരു ശ്രമവും നടന്നിട്ടില്ല. സമരക്കാര്‍ക്കെതിരായ പോലിസ് അതിക്രമങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണവും നടന്നിട്ടില്ല''.

'വിവേചനപരവും ഏകപക്ഷീയവുമായ 2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിനെതിരേ എല്ലാ മതങ്ങളിലും വംശങ്ങളിലും ജാതിയിലും പെട്ടവരില്‍ ഇന്ത്യയിലുടനീളം പ്രതിഷേധിച്ചു. അസമില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ മുസ് ലിംകളെ ഭീഷണിപ്പെടുത്തുകയും സമൂഹത്തെ പൗരത്വ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തപ്പോള്‍ ഇതിനെതിരേ കന്നത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളിലും അതിന്റെ അലയൊലിയുണ്ടായി. പക്ഷേ, യുപി പോലിസ് പ്രതിഷേധങ്ങളെ അക്രമാസക്തമായ രീതിയില്‍ അടിച്ചമര്‍ത്തി''.

വിവിധ വകുപ്പുകളില്‍നിന്നും മാധ്യമങ്ങളില്‍ നിന്നും നേരിട്ടും അല്ലാതെയും നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൗരത്വ സമരകാലത്ത് യുപിയില്‍ 350ഓളം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 5,000ത്തോളം വ്യക്തികളുടെയും ലക്ഷത്തോളം തിരിച്ചറിയാത്തവരുടെയും പേരുകള്‍ചേര്‍ത്തിരുന്നു. ഏതൊരാളെയും ഏത് കേസിലും ഉള്‍പ്പെടുത്തുന്നതിനുള്ള അനുമതിയായി പോലിസ് ഇത് ഉപയോഗിച്ചു. അവരുടേതല്ലാത്ത കുറ്റംകൊണ്ട് നിലവധി പേര്‍ പോലിസ് പീഡനത്തിനു വിധേയമായി. 3,000ത്തോളം പേരെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു. മിക്കവാറും കേസുകള്‍ കെട്ടിച്ചമച്ചതായിരുന്നു.

പ്രതിചേര്‍ക്കപ്പെട്ടവരില്‍ പലരും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജയിലിലാണ്. 2019 ഡിസംബറിലാണ് സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരേ രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ജനങ്ങളെ സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ആദ്യ ദിവസം തന്നെ 3000ത്തോളം പേര്‍ക്കെതിരേ പോലിസ് മുന്നറിയിപ്പ് നോട്ടിസ് നല്‍കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആ ദിവസം 3,305 പേരെ കരുതല്‍ തടങ്കലിലാക്കി. രണ്ടാം ദിവസം അത് 5,400ആയി. പൊതുമുതല്‍ നശിപ്പിച്ചുവെന്നതിന്റെ പേരില്‍ 500ഓളം റിക്കവറി നോട്ടിസുകള്‍ പുറപ്പെടുവിച്ചു.

3.55 കോടിയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്. അത് നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാന്‍പൂര്‍ ജില്ലയില്‍ മാത്രം കൂലിപ്പണി കൊണ്ട് ജീവിക്കുന്ന 15 കുടുംബങ്ങള്‍ക്കെതിരേ 13,476 രൂപ വീതം പിഴ വിധിച്ചു.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടാന്‍ റിപോര്‍ട്ട് ആവശ്യപ്പെടുന്നു. എഫ്‌ഐആറുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൃത്യം വിവരം, കരുതല്‍ തടങ്കലില്‍ വയക്ക്‌പ്പെട്ടവര്‍, ജാമ്യം ലഭിച്ചവര്‍, യുഎപിഎ പോലുള്ള കേസുകള്‍ ചുമത്തപ്പെട്ടവര്‍ ഇവയുടെ വിവരങ്ങളും പുറത്തുവിടണം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച ലക്ഷത്തോളം വരുന്ന പൊതുജനങ്ങള്‍ക്കെതിരേ കേസെടുക്കരുതെന്നും അവരുടെ പേരുകള്‍ ഒഴിവാക്കണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് എപിസിആറിന്റെ ആവശ്യം.

പൗരത്വ സമര പോരാളികളായ സഫൂറ സര്‍ഗാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. പ്രൊഫ അപൂര്‍വാനന്ദ്, നദീം ഖാന്‍, ഹര്‍തോഷ് സിംഗ് ബാല്‍, അഡ്വ മുഹമ്മദ് ഷൂബ്, അഡ്വ നജ്മുസ് സാക്വിബ് ഖാന്‍, ഐമാന്‍ ഖാന്‍ എന്നിവര്‍ പ്രകാശനത്തില്‍ പങ്കെടുത്തു.