സര്‍ക്കാര്‍ സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Update: 2026-01-30 05:20 GMT

സംഗറെഡ്ഡി: സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച 22 വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം.

സ്‌കൂളില്‍ വിളമ്പിയ ചോറും സാമ്പാറും കഴിച്ചതിന് പിന്നാലെ കുട്ടികള്‍ക്ക് ശക്തമായ വയറുവേദനയും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ വ്യകതമാക്കി. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന എല്ലാ കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉടന്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പോലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് നാരായണ്‍ഖേഡ് പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഭക്ഷണത്തിന്റെ ഗുണനിലവാരത്തില്‍ ഉണ്ടായ വീഴ്ചയാണോ വിഷബാധയ്ക്ക് കാരണമെന്നതടക്കം അന്വേഷിച്ച് വരികയാണ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Tags: