മനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച 21കാരി പിടിയില്‍

Update: 2025-05-28 06:22 GMT

കൊളംബോ: മനുഷ്യന്റെ അസ്ഥികള്‍ ഉപയോഗിച്ചുണ്ടാക്കിയ മാരകമായ സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച 21കാരി പോലിസ് പിടിയില്‍. മുന്‍ വിമാന ജീവനക്കാരി കൂടിയായ ഷാര്‍ലറ്റ് മേ ലീയെന്ന ബ്രീട്ടീഷ് യുവതിയാണ് പിടിയിലായത്. 'കുഷ്' എന്ന് പേരുള്ള ലഹരിമരുന്ന് സ്യൂട്ട്‌കേസുകളില്‍ നിറച്ച നിലയിലായിരുന്നു. 45 കിലോയോളം ലഹരി മരുന്ന് ഇവരുടെ പക്കല്‍ നിന്നു പിടികൂടി. ഏകദേശം 28 കോടി രൂപ വിപണി വില വരുന്ന ലഹരിയാണിത്.

പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് മനുഷ്യ അസ്ഥികള്‍കൊണ്ട് ഉണ്ടാക്കുന്ന കുഷ് എന്ന് വിളിപ്പേരുള്ള ഈ ലഹരിമരുന്നിന്റെ ഉല്‍ഭവം. പല തരം വിഷ വസ്തുക്കള്‍ ചേര്‍ത്താണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിലെ പ്രധാന ചേരുവ മനുഷ്യന്റെ അസ്ഥി പൊടിച്ചതാണ്. ഏഴ് വര്‍ഷം മുന്‍പാണ് ഈ ലഹരിവസ്തു ആദ്യമായി ഈ പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് പ്രത്യക്ഷപ്പെട്ടതെന്നാണ് വിവരം. ഇത് മണിക്കൂറുകളോളം മയക്കിക്കിടത്തുന്ന തരത്തിലുള്ള ലഹരി നല്‍കും. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ ലഹരി സമൂഹിക പ്രശ്നമായി മാറിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. ലഹരി നിര്‍മാണത്തിനായി ശവകുടീരങ്ങള്‍ തകര്‍ത്ത് അസ്ഥികൂടങ്ങള്‍ മോഷ്ടിക്കുന്ന സംഭവങ്ങള്‍ വരെ നടന്നുവരികയാണെന്നാണ് റിപോര്‍ട്ടുകള്‍.

എന്നാല്‍ താന്‍ അറിയാതെ, തന്റെ പെട്ടിക്കുള്ളില്‍ ലഹരി മരുന്ന് ഒളിപ്പിച്ചതെന്നാണ് യുവതിയുടെ അവകാശവാദം. നിലവില്‍ യുവതിയെ വടക്കന്‍ കൊളംബോയിലുള്ള ഒരു ജയിലിലാക്കി. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍, 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കോസാണ് ഇത്.

Tags: