പിൻവലിച്ചിട്ടും 6,266 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ട്: ആർബിഐ

Update: 2025-05-02 13:10 GMT

ന്യൂഡൽഹി:2,000 രൂപ നോട്ടുകൾ പിൻവലിച്ച് രണ്ടു വർഷത്തിന് ശേഷവും, 6,266 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ആർബിഐ.

2023 മെയ് 19 നാണ് ആർ‌ബി‌ഐ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. ആ സമയത്ത്, പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു.

2025 ഏപ്രിൽ 30 ലെ കണക്കനുസരിച്ച്, ആ കണക്ക് 6,266 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. അതായത് പ്രഖ്യാപനം നടത്തിയ സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ 98.24% തിരിച്ചെത്തിയെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.

ഈ നോട്ടുകൾ ബാങ്ക് ശാഖകളിൽ നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ ഉള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ ലഭ്യമായിരുന്നു. അതിനുശേഷം, വ്യക്തികൾക്ക് ഇപ്പോഴും 19 നിയുക്ത ആർ‌ബി‌ഐ ഇഷ്യൂ ഓഫീസുകളിൽ അവ കൈമാറ്റം ചെയ്യാനോ നിക്ഷേപിക്കാനോ കഴിയും.

കൂടാതെ, രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും ആർ‌ബി‌ഐ ഇഷ്യൂ ഓഫീസുകളിലേക്ക് ഇന്ത്യ പോസ്റ്റ് വഴി 2000 രൂപ നോട്ടുകൾ അയക്കാൻ സാധിക്കും. അതു വഴിഈ 2000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാനും സാധിക്കും.

Tags: