രാജ്യത്തെ ഏറ്റവും ചെറിയ അവയവ ദാതാവായി 20 മാസം പ്രായമുള്ള കുഞ്ഞ്

ധനിഷ്ഠയുടെ ഹൃദയം, കരള്‍, വൃക്ക, രണ്ട് കോര്‍ണിയ എന്നിവ വീണ്ടെടുക്കുകയും അഞ്ച് രോഗികളില്‍ ഉപയോഗിക്കുകയും ചെയ്തു.

Update: 2021-01-14 11:56 GMT

ന്യൂഡല്‍ഹി: മസ്തിഷ്‌ക മരണം സംഭവിച്ച 20 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ അവയവങ്ങള്‍ ഉപകാരപ്പെട്ടത് അഞ്ചു പേര്‍ക്ക്. ഡല്‍ഹിയിലെ രോഹിണിയില്‍ നിന്നുള്ള ദമ്പതികളുടെ മകളായ ഒന്നര വയസ്സുകാരിയുടെ അവയവങ്ങളാണ് അഞ്ചുപേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉപകാരപ്പെട്ടത്. കളിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അബദ്ധത്തില്‍ വീണിട്ടാണ് 'ധനിഷ്ഠ' എന്ന കുഞ്ഞിന് ഗുതരമായി പരുക്കേറ്റത്. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന് ജനുവരി 11നാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഇനി ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാവില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


അതോടെയാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. 'തലച്ചോറ് മരിച്ചതിനാല്‍ ധനിഷ്ഠയുടെ (മകളുടെ) അവസ്ഥ മാറ്റാനാവില്ലെന്ന് ഡോക്ടര്‍ ഞങ്ങളോട് പറഞ്ഞു. ചികിത്സ നടക്കുമ്പോള്‍, കുട്ടികളെ സുഖപ്പെടുത്താന്‍ ആവശ്യമായ അവയവങ്ങളെക്കുറിച്ച് വളരെയധികം ആശങ്കാകുലരായ മറ്റ് മാതാപിതാക്കളെ ഞങ്ങള്‍ കണ്ടുമുട്ടി. അവളുടെ മസ്തിഷ്‌കം മരിച്ചതായി പ്രഖ്യാപിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ ഞങ്ങളുടെ മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ ഡോക്ടര്‍മാരോട് ചോദിച്ചു. ഡോക്ടര്‍ അതെ എന്ന് പറഞ്ഞു,' പിതാവ് ആശിഷ് കുമാര്‍ പറഞ്ഞു.


'അവളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനേക്കാളേറെ മറ്റ് കുട്ടികളെ രക്ഷിക്കാന്‍ ഉപയോഗപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു. കുറഞ്ഞപക്ഷം, അവള്‍ ഈ രീതിയിലെങ്കിലും ജീവിക്കുന്നത് ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ടാകും, ' പിതാവ് കൂട്ടിച്ചേര്‍ത്തു. ധനിഷ്ഠയുടെ ഹൃദയം, കരള്‍, വൃക്ക, രണ്ട് കോര്‍ണിയ എന്നിവ വീണ്ടെടുക്കുകയും അഞ്ച് രോഗികളില്‍ ഉപയോഗിക്കുകയും ചെയ്തു. ഒരു മുതിര്‍ന്നയാള്‍ക്ക് വൃക്ക നല്‍കി, അവളുടെ ഹൃദയവും കരളും രണ്ട് കുട്ടികള്‍ക്ക് ദാനം ചെയ്തു, കോര്‍ണിയ ഭാവിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചുവച്ചു.




Tags:    

Similar News