ആര്‍സിസി ലിഫ്റ്റ് തകര്‍ന്ന് നജീറമോളുടെ മരണം; ആശ്രിതര്‍ക്ക് 20 ലക്ഷം അനുവദിച്ച് മന്ത്രിസഭാ യോഗം

ആര്‍സിസി ഇലക്ട്രിക് സെക്ഷന്റെ അനാസ്ഥ മൂലമാണ് പത്തനാപുരം സ്വദേശി നജീറ തകരാറിലായ ലിഫ്റ്റില്‍ കയറി താഴേക്ക് വീണത്

Update: 2021-06-23 08:33 GMT

തിരുവനന്തപുരം: ആര്‍സിസിയിലെ ലിഫ്റ്റ് തകര്‍ന്ന് മരണപ്പെട്ട  പത്തനാപുരം കണ്ടയം ചരുവിള വീട്ടില്‍ നജീറമോളു(22)ടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

രണ്ട് മാസം മുന്‍പാണ് മാതാവിനെ ശുശ്രൂഷിക്കാന്‍ നജീറ ആര്‍സിസിയിലെത്തിയത്. ലിഫ്റ്റി കേടായത് അറിയാതെ കയറി ലിഫ്റ്റ് രണ്ട് നില താഴേക്ക് പതിച്ചു. മണിക്കൂറുകള്‍ നജീറ ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. അതി രാവിലെയായിരുന്നു അപകടം. അതിനാല്‍ അപകടവിവരം പുറത്ത് അറിയാനും വൈകി.

നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേറ്റ നജീറ രണ്ട് മാസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ലിഫ്റ്റ് തകരാറിലാണെന്ന ഒരു സൂചന ബോര്‍ഡും ഉണ്ടായിരുന്നില്ല. ആര്‍സിസി ഇക്ട്രിക് സെക്ഷനിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് നജീറയുടെ ജീവന്‍ നഷ്ടപ്പെട്ടത്. നജീറയ്ക്ക് ഒരു വയസ്സുള്ള കുഞ്ഞുണ്ട്.

മൂന്നുലക്ഷം പ്രവീണിന്

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനിടെ ചികിത്സാ പിഴവുമൂലം മരണമടഞ്ഞ ബിന്ദുവിന്റെ ഭര്‍ത്തവ് പി പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 3 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ 2 ലക്ഷം രൂപ അനുവദിച്ചിരുന്നു.

സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആയി ഉയര്‍ത്തും

പെന്‍ഷന്‍ പരിഷ്‌കരിക്കും

സര്‍വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണത്തിനോടൊപ്പം 1.07.2019 മുതല്‍ പെന്‍ഷന്‍ പരിഷ്‌ക്കരണവും പ്രാബല്യത്തില്‍ വരും. 2021 ജൂലൈ 1 മുതല്‍ പരിഷ്‌ക്കരിച്ച പ്രതിമാസ പെന്‍ഷന്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഈ വ്യവസ്ഥയില്‍ പെന്‍ഷന്‍ നല്‍കും.

Tags: