കൊവിഡ് 19 ഡ്യൂട്ടിയിലെ വീഴ്ച: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷനും കാരണം കാണിക്കല്‍ നോട്ടിസും; കര്‍ശന നടപടികളുമായി കേന്ദ്രം

ഗതാഗത വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

Update: 2020-03-30 06:07 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ നിലനില്‍ക്കെ ഡല്‍ഹിയിലെ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ കൂട്ട പലായനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കടുത്ത നടപടിയുമായി കേന്ദ്രം. കൊവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാരിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

ഗതാഗത വകുപ്പിലെ അഡീഷനല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്.

അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

കുടിയേറ്റ തൊഴിലളികളുടെ യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിര്‍ത്തികളും അതതു സര്‍ക്കാരുകള്‍ അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവില്‍ തൊഴിലാളികളില്‍ നിന്ന് വാടക ഈടാക്കരുതെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും അവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന സ്ഥലമുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യാത്ര ചെയ്യുന്നവരെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിരീക്ഷണത്തിലാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

Tags: