പൗരത്വ പ്രതിഷേധം: ബിഹാറില്‍ യുവാവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ 2 ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരും

പട്‌നയില്‍ ബാഗ് നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനാണ് 18 വയസ്സുള്ള അമിര്‍ ഹന്‍സ്ല. ആര്‍ജെഡിയുടെ ഡിസംബര്‍ 21 ലെ ബന്ദില്‍ ഒരു ത്രിവര്‍ണ പതാകയുമായാണ് അമിറിനെ അവസാനം കണ്ടത്.

Update: 2020-01-07 13:51 GMT

പട്‌ന: പട്‌നയില്‍ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആറില്‍ രണ്ട് പേര്‍ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍. പട്‌നയില്‍ പ്രതിഷേധം നടന്ന് പത്ത് ദിവസത്തിനു ശേഷമാണ് യുവാവിന്റെ മൃതദേഹം ലഭിക്കുന്നത്.

പട്‌നയില്‍ ബാഗ് നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനാണ് 18 വയസ്സുള്ള അമിര്‍ ഹന്‍സ്ല. ആര്‍ജെഡിയുടെ ഡിസംബര്‍ 21 ലെ ബന്ദില്‍ ഒരു ത്രിവര്‍ണ പതാകയുമായാണ് അമിറിനെ അവസാനം കണ്ടത്.

പട്‌നയിലെ ഹിന്ദു പുത്ര സംഘട്ടന്‍ അംഗമായ നാഗേഷ് സമ്രാട്ട്, 23 വയസ്സ്, ഹിന്ദു സമാജ് സംഘട്ടന്‍ അംഗമായ വികാസ് കുമാര്‍, 21 വയസ്സ് തുടങ്ങിയവരാണ് അറസ്റ്റിലായ ഹിന്ദത്വ സംഘടനാ പ്രവര്‍ത്തകര്‍.

വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കും ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്കെതിരേ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ ഇരുവരുടെയും പങ്കിനെ കുറിച്ച് പോലിസ് പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

പോലിസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് വിരട്ടുവാന്‍ തുടങ്ങിയപ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് യുവാവിനെ സംഘട്ട് ഗലി പ്രദേശത്തുവച്ച് ഏതാനും പേര്‍ ചേര്‍ന്ന് വടിയും കല്ലുമുപയോഗിച്ച് തല്ലിക്കൊന്നത്. മൃതദേഹത്തില്‍ തലയില്‍ കനത്ത പരിക്കും രണ്ട് വലിയ മുറിവുകളും കണ്ടെത്തിയിരുന്നു.

ഡിസംബര്‍ 21 ല്‍ വര്‍ഗീയമായ ചേരിതിരുവുണ്ടാക്കുന്നതില്‍ ഇപ്പോള്‍ അറസ്റ്റിലായ ഇരുവര്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന് പോലിസ് കരുതുന്നു. പുറത്തുവന്ന ഒരു വീഡിയോയില്‍ കുമാര്‍ ഹിന്ദുക്കളെ മര്‍ദ്ദിക്കുന്നുവെന്ന് പോലിസിനെ ചീത്തവിളിക്കുന്നുണ്ട്.  

Tags:    

Similar News