എന്‍ജിന്‍ തകരാര്‍; ഗോ ഫസ്റ്റ് കമ്പനിയുടെ രണ്ട് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി
മുംബൈ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗോ ഫസ്റ്റ് കമ്പനിയുടെ രണ്ട് വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കി. രണ്ടാം എന്‍ജിന് തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇരുവിമാനങ്ങളും നിലത്തിറക്കിയത്. മുംബൈയില്‍ നിന്ന് ലഡാക്കിലേക്ക് പോയ വിമാനം ഡല്‍ഹിലേക്ക് വഴിതിരിച്ചുവിട്ടാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനം തിരികെ ശ്രീനഗറിലിറക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അനുമതി ലഭിച്ചാലേ വിമാനങ്ങള്‍ പറത്തൂവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇന്ത്യന്‍ വിമാന കമ്പനികളുടെ പല ഫ്‌ളൈറ്റുകള്‍ക്കും തകരാര്‍ കണ്ടെത്തിയ സംഭവങ്ങള്‍ അടുത്തയിടെ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതെത്തുടര്‍ന്ന് വിമാനയാത്രയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എയര്‍ലൈനുകളുടെയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ഡിജിസിഎ ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗവും വിളിച്ചിരുന്നു. യാത്രക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്ന് സിന്ധ്യ വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ സുരക്ഷയെ തടസ്സപ്പെടുത്തുന്ന ചെറിയ പിഴവ് പോലും വിശദമായി പരിശോധിച്ച് തിരുത്തുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
