അഹമ്മദാബാദ്: ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടുറോഡിലിട്ട് യുവാവ് യുവതിയെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ബവ്‌ല സ്വദേശിനിയായ ദലിത് യുവതി മിതല്‍ ജാദവ് (19) ആണ് നടുറോഡില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ കേതന്‍ വഖേലയെയും സുഹൃത്തുക്കളായ ശ്രാവണ്‍, ധന്‍രാജ് എന്നിവരെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ വിവാഹം രണ്ട് ആഴ്ചയ്ക്ക് ശേഷം നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മാര്‍ക്കറ്റില്‍ സഹോദരിക്കൊപ്പം നടക്കുമ്പോള്‍ കേതന്‍ ബൈക്കിലെത്തി യുവതിയോട് കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പെണ്‍കുട്ടി വിസ്സമ്മതിച്ചതോടെ കൈവശമുണ്ടായിരുന്ന കത്തി എടുത്ത് ഇയാള്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് കേതന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു. മകളെ ആക്രമിക്കുന്നത് മാര്‍ക്കറ്റിലുണ്ടായിരുന്ന ചിലര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ഒരാള്‍ പോലും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പരാതിയില്‍ പറയുന്നു. ഫോണിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് കുറ്റവാളികളായ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. കൂടാതെ ദലിത് വിഭാഗത്തിന് എതിരേയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തുവെന്ന വകുപ്പും പ്രതികള്‍ക്കെതിരെ പോലിസ് ചുമത്തി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലിസ് അറിയിച്ചു.