14ാം തിരുവനന്തപുരം അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ 19 പുരസ്‌ക്കാര ചിത്രങ്ങള്‍
തിരുവനന്തപുരം: ലോക മത്സരവേദികളില്‍ പ്രേക്ഷകപ്രീതി നേടിയ 19 പുരസ്‌ക്കാര ചിത്രങ്ങള്‍ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്‌ക്കാരം നേടിയ ബെറ്റീന, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായ എ വൈല്‍ഡ് പേഷ്യന്‍സ് ഹാസ് ടേക്കണ്‍ മി ഹിയര്‍ തുടങ്ങിയ ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് ദി വേള്‍ഡ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏകാന്ത ജീവിതം നയിച്ച ഒരു പെണ്‍കുട്ടി ലെസ്ബിയന്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും അനന്തര സംഭവങ്ങളുമാണ് എ വൈല്‍ഡ് പേഷ്യന്‍സ് ഹാസ് ടേക്കണ്‍ മി ഹിയര്‍ എന്ന പോര്‍ച്ചുഗീസ് ചിത്രത്തിന്റെ പ്രമേയം.
ആഗസ്റ്റ് 26 മുതല്‍ 31വരെ തിരുവനന്തപുരത്താണ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പ്രമേയമാക്കിയ ഷൗനക് സെന്‍ ചിത്രം ഓള്‍ ദാറ്റ് ബ്രത് സ് , 90 കളില്‍ യുഗോസ്ലാവിയയിലെ യുദ്ധസാഹചര്യങ്ങള്‍ പ്രമേയമാക്കിയ നടാഷ അര്‍ബന്റെ ദി എക്ലിപ്‌സ്, ലബനീസ് ചിത്രം വാര്‍ഷ എന്നിവയും ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ജെസീക്ക കിംഗ്ഡന്‍ന്റെ അസെന്‍ഷ്യന്‍, ഉക്രെയ്ന്‍ യുദ്ധം പശ്ചാത്തലമായുള്ള ലൂപ്പ് ബ്യൂറോയുടെ ട്രെഞ്ചസ്,ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ സില്‍വര്‍ ബിയര്‍ പുരസ്‌കാരം നേടിയ സണ്‍ഡേ മോണിംഗ്,കെം കയ സംവിധാനം ചെയ്ത ലവ് ഡ്യൂഷ് മാര്‍ക്ക് ആന്‍ഡ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
