ഭൂമി സംബന്ധമായ ഫയലുകളുടെ കുരുക്കഴിക്കാനുള്ള അദാലത്തില്‍ പരിഗണിച്ചത് 184 അപേക്ഷകള്‍

Update: 2021-12-13 08:25 GMT

കൊച്ചി; ഫോര്‍ട്ടുകൊച്ചി റവന്യൂ സബ് ഡിവിഷനിലെ ഭൂമി സംബന്ധമായ ഫയലുകളുടെ കുരുക്കഴിച്ച് ഫയല്‍ അദാലത്ത്. അവധിദിനമായ രണ്ടാം ശനിയാഴ്ച്ച ഫോര്‍ട്ടു കൊച്ചി ആര്‍.ഡി ഓഫീസില്‍ നടത്തിയ അദാലത്തില്‍ പരിഗണിച്ചത് 184 അപേക്ഷകള്‍. ഇതില്‍ പകുതിയോളം ഫയലുകളില്‍ തീര്‍പ്പാക്കാനായി. അദാലത്തുകള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. ഫോര്‍ട്ടു കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണു രാജ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. 

വിവിധ താലൂക്കുകളില്‍ നിന്നായി 184 അപേക്ഷകളാണ് പരിഗണിച്ചത്. ഏറ്റവും കൂടുതല്‍ പറവൂര്‍ താലൂക്കില്‍ നിന്നായിരുന്നു 84. കണയന്നൂരില്‍ നിന്നും 77 അപേക്ഷകള്‍. കൊച്ചി താലൂക്കില്‍ പതിനഞ്ചും ആലുവ താലൂക്കില്‍ എട്ടും അപേക്ഷകള്‍ പരിശോധിച്ചു. ഇതില്‍ ചട്ടലംഘനമില്ലാത്ത എല്ലാ ഫയലുകളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം തീര്‍പ്പാക്കി. മറ്റുള്ളവയില്‍ അപാകത പരിഹരിച്ച് രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിച്ചു.

കേരള ഭൂവിനിയോഗ ഉത്തരവ് 1967ല്‍ നിലവില്‍ വന്നതിന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ടതും ഡാറ്റബാങ്കില്‍ ഉള്‍പ്പെടാത്തതുമായ ഭൂമി അടിസ്ഥാന നികുതി രജിസ്റ്ററില്‍ – ബിടിആറില്‍, നിലവിലുള്ള സ്ഥിതിയില്‍ രേഖപ്പെടുത്തുന്നതിനായി ഫോറം 9ല്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിച്ചത്. 2019, 2020 കാലയളവില്‍ ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ക്കു പുറമെ പുതിയ അപേക്ഷകളും പരിഗണിച്ചു. ഭൂമിയുടെ ആധാരം, മുന്നാധാരങ്ങള്‍, കെട്ടിടങ്ങളുടെ കാലപ്പഴക്കം, വൃക്ഷങ്ങളുടെ പ്രായം, സാക്ഷിമൊഴികള്‍ തുടങ്ങി സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിച്ച തെളിവുകളെ അടിസ്ഥാനമാക്കി സൂക്ഷ്മ പരിശോധന നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. ഇത്തരം കേസുകളില്‍ ബിടിആര്‍ ക്രമപ്പെടുത്തലിന് ഫീസൊന്നും ഈടാക്കുന്നില്ല.

അദാലത്തിനെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കുകയും അത് ഇ ഓഫിസില്‍ രേഖപ്പെടുത്തുകയുമായിരുന്നു അദാലത്തിലെ ആദ്യപടി. തുടര്‍ന്ന് താലൂക്ക് അടിസ്ഥാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളില്‍ രേഖകള്‍ പരിേേശാധിച്ച ശേഷം ഇ ഓഫിസ് ഫയലില്‍ രേഖപ്പെടുത്തി അടുത്ത തലത്തിലേക്ക് അയക്കുകയും തുടര്‍ന്ന് സബ് കളക്ടര്‍ അന്തിമ തീരുമാനമെടുത്ത് ഉത്തരമാക്കുകയും ചെയ്യുന്ന രീതിയിലാണ് അദാലത്ത് സജ്ജീകരിച്ചത്. രേഖകളെല്ലാം ക്രമപ്രകാരമായിരുന്ന ഫയലുകളില്‍ ഉത്തരവുകള്‍ അദാലത്ത് വേദിയില്‍ തന്നെ കൈമാറി. ആര്‍.ഡി ഓഫിസ് വളപ്പിലായിരുന്നു താലൂക്ക് കൗണ്ടറുകള്‍. അദാലത്തിനെത്തുന്നവര്‍ക്കായി ഇരിപ്പിടങ്ങള്‍, കുടിവെള്ളം, വൈദ്യസഹായം തുടങ്ങിയവയും ഏര്‍!പ്പെടുത്തിയിരുന്നു.

നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008ന് മുമ്പ് പരിവര്‍ത്തനം ചെയ്യപ്പെട്ട 20.23 ആര്‍ വരെയുള്ള ഭൂമിയുടെ ബിടിആര്‍ രേഖകള്‍ ക്രമപ്പെടുത്തുന്നതിന് ഫോറം 6ലും, ഇതിന് മുകളില്‍ വിസ്തീര്‍ണമുള്ള ഭൂമിക്കായി ഫോറം 7ലുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. ഇത്തരം അപേക്ഷകളില്‍ വില്ലേജ് ഓഫിസുകള്‍ വഴിയുള്ള അന്വേഷണം പൂര്‍ത്തിയാക്കി തീര്‍പ്പാക്കി വരികയാണ്. അപേക്ഷകളുടെ ആധിക്യം പരിഗണിച്ച് ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

Similar News