18 കോടി നാണിച്ച് തല താഴ്ത്തി; അഫ്രയുടെയും സഹോദരന്റെയും ചികില്‍സാ സഹായഫണ്ടിലേക്ക് പണം നല്‍കിയ മലയാളികളെ അഭിനന്ദിച്ച് എം എം മണി

Update: 2021-07-05 14:32 GMT

കണ്ണൂര്‍: അപൂര്‍വ രോഗം തളര്‍ത്തിയ അഫ്രയുടേയും സഹോദരന്‍ മുഹമ്മദിന്റേയും ചികില്‍സാ സഹായ ഫണ്ടിലേക്ക് പണം ഒഴുക്കി 18 കോടി തികച്ചും നല്‍കിയ മലയാളികളെ അഭിനന്ദിച്ച് ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍മന്ത്രിയുമായ എം എം മണി.

''നമ്മള്‍ മലയാളി പൊളിയാ .....? പാവപ്പെട്ട മലയാളി കുടുംബത്തെ വെല്ലുവിളിച്ച 18 കോടി നാണിച്ച് തല താഴ്ത്തി''യെന്നായിരുന്നു എംഎം മണി തന്റേ ഫേസ് ബുക്ക് പേജില്‍ കുറിച്ചത്.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) എന്ന ജനിതകവൈകല്യം ബാധിച്ച സഹോദരങ്ങളുടെ ചികില്‍സക്കായി മാട്ടുമ്മല്‍ ഗ്രാമപഞ്ചായത്താണ് ചികില്‍സാ സഹായകമ്മിറ്റി രൂപീകരിച്ചത്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ സഹായനിധിയിലേക്ക് പണം ഒഴുകിയെത്തുകയായിരുന്നു. ഒടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ് ഫരീഷ അബിദിന് ഇനി പണം അയക്കേണ്ടതില്ലെന്ന് വാര്‍ക്കാകുറിപ്പ് നല്‍കേണ്ടിവന്നു.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ.) എന്ന ജനിതകവൈകല്യ രോഗമാണ് മുഹമ്മദിനെ ബാധിച്ചത്. അഫ്രയ്ക്ക് പിന്നാലെയാണ് കുഞ്ഞനുജനും ഇതേ അസുഖം പിടികൂടുന്നത്. രണ്ടരവയസ്സില്‍ തളര്‍ന്നുപോയ അഫ്ര ഇന്ന് വീല്‍ച്ചെയറിലാണ്. വേണ്ടത്രചികിത്സ അന്ന് ഈ കുട്ടിക്ക് ലഭിച്ചിരുന്നില്ല. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു അന്ന് ചെയ്തത്. പതിനഞ്ചുവയസ്സായതിനാല്‍ ഇനി മരുന്നുകൊണ്ട് ഫലമുണ്ടാകുമെന്ന് ഉറപ്പില്ല.

മൂത്തമകള്‍ക്ക് എസ്.എം.എ. ആയതുകൊണ്ടുതന്നെ ഒന്നരവയസ്സുകാരന്‍ മുഹമ്മദിന് പരിശോധന നടത്തുകയായിരുന്നു. എസ്.എം.എ. ടൈപ്പ് ത്രീയാണ് മുഹമ്മദില്‍ കണ്ടെത്തിയത്. ശരീരം മെലിഞ്ഞുകൊണ്ടേയിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍. അമേരിക്കയില്‍നിന്നാണ് മരുന്ന് എത്തിക്കേണ്ടത്. സോള്‍ജെന്‍സ്മ എന്ന ഇഞ്ചക്ഷന്‍ എടുത്താല്‍ രോഗം പൂര്‍ണമായി മാറുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പ്.