യുപിഎ കാലത്ത് ചര്‍ച്ചയില്ലാതെ പാസ്സാക്കിയത് 18 ബില്ലുകള്‍; പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ ധൃതിയല്‍ പാസ്സാക്കിയെന്ന പ്രതിപക്ഷ ആരോപണത്തെ ചെറുക്കാന്‍ യുപിഎ ചരിത്രം പുറത്തെടുത്ത് കേന്ദ്ര സര്‍ക്കാര്‍. എട്ട് വര്‍ഷത്തെ ചരിത്രത്തില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്ററില്‍ 18 ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസ്സാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
ഇത്തവണ വര്‍ഷകാല സമ്മേളനത്തിലല്ല തിരക്കിട്ട് ബില്ലുകള്‍ പാസ്സാക്കിയതെന്നും 2006 മുതല്‍ 2014 വരെയുള്ള യുപഎ കാലത്ത് 18 ബില്ലുകളാണ് ഇത്തരത്തില്‍ പാസ്സാക്കിയതെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ബില്ലുകളുടെ വിവരങ്ങളും പങ്കുവച്ചു.
ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ഭേദഗതി ബില്ല്, 2006 മാര്‍ച്ചില്‍ മൂന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് പാസ്സാക്കിയത്. ഗവര്‍ണ്‍മെന്റ് സെക്യൂരിറ്റി ആക്റ്റ് ആഗസ്റ്റ് 2006ല്‍ 14 മിനിറ്റുകൊണ്ട് പാസ്സാക്കി. 2007 ല്‍ ആകെ 11 ബില്ലുകള്‍ ഇത്തരത്തില്‍ പാസ്സാക്കിയെടുത്തു. ചില ബില്ലുകള്‍ രണ്ട് മിനിറ്റുകൊണ്ട് പാസ്സാക്കിയ സംഭവങ്ങളുമുണ്ട്.
പെഗസസ് സോഫ്റ്റ് വെയര്‍ പ്രശ്‌നം സഭയുടെ ദൈനംദിനപ്രവര്‍ത്തനം താറുമാറായ സാഹചര്യത്തില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യാതെ പാസ്സാക്കിയ ഭരണപക്ഷത്തിനെതിരേയാണ് പ്രതിപക്ഷം ആഞ്ഞടിച്ചത്.
മുപ്പതോളം ബില്ലുകള്‍ ചര്‍ച്ചയില്ലാതെ പാസ്സാക്കിയതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
