കര്‍ണാടകയില്‍ ബാര്‍ അസോസിയേഷന്‍ നിയമസഹായം വിലക്കിയ 'ദേശദ്രോഹി' വിദ്യാര്‍ത്ഥിക്കു വേണ്ടി ഹാജരാവാനെത്തിയത് 170 അഭിഭാഷകര്‍!

മൈസൂര്‍ സര്‍വ്വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ നളിനി ബാലകുമാറിനു വേണ്ടിയാണ് 170 പേര്‍ ഹാജരായത്

Update: 2020-02-28 08:56 GMT

മുംബൈ: ദേശദ്രേഹ കുറ്റം ആരോപിക്കപ്പെട്ടവര്‍ക്കു വേണ്ടിയും സ്‌ഫോടനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു വേണ്ടിയും ഹാജരാവുന്നതില്‍ നിന്ന് അഭിഭാഷകരെ വിലക്കുന്നതില്‍ കുപ്രസിദ്ധമാണ് കര്‍ണാടക. അഭിഭാഷകര്‍ ഒറ്റ തിരിഞ്ഞല്ല ബാര്‍ അസോസിയേഷന്‍ മൊത്തത്തില്‍ തന്നെ ഇത്തരം തീരുമാനവുമായി പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന ആര്‍ക്കും കോടതിയില്‍ മതിയായ പ്രാതിനിധ്യത്തിനുള്ള അവകാശമുണ്ട്. അഭിഭാഷകര്‍ ഇല്ലെങ്കില്‍ നിയമസഹായം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, നിയമവ്യവസ്ഥ നിലനില്‍ക്കുന്ന എല്ലാ രാജ്യങ്ങളിലും ഇതു തന്നെയാണ് സങ്കല്‍പ്പം. എങ്കില്‍ മാത്രമേ, വിചാരണ നീതിയുക്തമാണെന്ന് കരുതാനാവൂ. വസ്തുത ഇങ്ങനെയായിരിക്കെ കര്‍ണാടകയില്‍ രാജ്യദ്രോഹക്കേസ് ചുമത്തപ്പെടുന്നവര്‍ക്ക് നിയമസഹായം നല്‍കരുതെന്ന് ബാര്‍ അസോസിയേഷന്‍ തന്നെ തീരുമാനിക്കാറുണ്ട്. ആരെങ്കിലും തയ്യാറായാല്‍ അവരെ ഭീഷണിപ്പെടുത്തുന്ന രീതിയുമുണ്ട്.

ഇത്തരമൊരു സംഭവത്തിലാണ് ഹാജരാവരുതെന്ന് ബാര്‍ അസോസിയേഷന്‍ പ്രമേയത്തിലൂടെ വിലക്കിയ വിദ്യാര്‍ത്ഥിക്കു വേണ്ടി കര്‍ണാടകയിലെ വിവിധ കോടതികളില്‍ നിന്ന് 170 അഭിഭാഷകര്‍ എത്തിച്ചേര്‍ന്നത്. മൈസൂര്‍ കോടതിയിലാണ് അപൂര്‍വ്വമായ സംഭവം നടന്നത്. മൈസൂര്‍ സര്‍വ്വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥിയായ നളിനി ബാലകുമാറിനെതിരേ സ്വതന്ത്ര കശ്മീര്‍ പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചതിനാണ് പോലിസ് കേസെടുത്തത്. സര്‍വ്വകലാശാലയിലെ മാനസഗംഗോത്രി കാമ്പസിലാണ് നളിനി ബാലകുമാര്‍ സ്വതന്ത്ര കശ്മീര്‍ പ്ലക്കാര്‍ഡ് പ്രദര്‍ശിപ്പിച്ചത്. സംഭവം കേസായതോടെ നളിനിക്കു വേണ്ടി ഹാജരാവുന്നതില്‍ നിന്ന് അഭിഭാഷകരെ മൈസൂര്‍ ബാര്‍ അസോസിയേഷന്‍ വിലക്കി.

ഇതിനെതിരേ കര്‍ണാടകയിലെ ഏതാനും അഭിഭാഷകര്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥിയ്ക്കു വേണ്ടി ഹാജരാവാന്‍ അവര്‍ തീരുമാനിച്ചു. അതുപ്രകാരം ബംഗളൂരുവിലെയും ചാമരാജനഗറിലെയും മാണ്ഡ്യയിലെയും ദേവനഗറിലെയും കോടതികളിലെ അഭിഭാഷകര്‍ വിദ്യാര്‍ത്ഥിക്ക് ജാമ്യമെടുക്കാന്‍ കോടതിയിലെത്തി. 170 പേരാണ് ഒരാള്‍ക്കു വേണ്ടി എത്തിച്ചേര്‍ന്നത്. പ്രതിക്ക് വേണ്ടി ഹാജരാവരുതെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹാജരായ അഭിഭാഷകര്‍ പറയുന്നത്.

''ഇത്തത്തില്‍ പ്രമേയം പാസ്സാക്കുന്നതു തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരേ കുറച്ച് അഭിഭാഷകര്‍ മാത്രം വരികയാണെങ്കില്‍ എതിര്‍പ്പ് കൂടും. അതൊഴിവാക്കാനാണ് 170 പേര്‍ ഒരുമിച്ച് കോടതിയിലെത്തിയത്'' എന്ന് നീക്കത്തിന് മുകൈ എടുത്ത അഡ്വ. ബി ടി വെങ്കിടേഷ് പറഞ്ഞു.

ഇതുപോലൊരു സംഭവം കുറച്ച് ദിവസം മുമ്പും നടന്നിരുന്നു. പാകിസ്താന്‍ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് 3 കശ്മീരി വിദ്യര്‍ത്ഥികളെ ഹുബ്ലിയില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. അവരുടെ കേസുകളില്‍ ഹാജരാവരുതെന്ന് ഹുബ്ലി ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഫെബ്രുവരി 17 നായിരുന്നു പ്രമേയം പാസാക്കിയത്.

താലിബ് മജീദ്, ബാസിത് ആസിഫ് സോഫി, അമില്‍ മൊഹിയുദ്ദീന്‍ വാഹി തുടങ്ങിയ കശ്മീരി വിദ്യാര്‍ത്ഥികളായിരുന്നു പ്രതിപ്പട്ടികയില്‍. കോടതിയില്‍ ഹാജരാക്കിയ സമയത്ത് സംഘപരിവാര്‍ ഗുണ്ടകള്‍ ഇവരെ ആക്രമിച്ചു. കേസില്‍ ഹുബ്ലിയിലുള്ള അഭിഭാഷകര്‍ ഹാജരായില്ലെന്നു മാത്രമല്ല, വരുന്നവരെ തടയാന്‍ കോടതിയില്‍ കാവല്‍ നില്‍ക്കുകയും ചെയ്തു.

ഇവിടെയും കൂടുതല്‍ അഭിഭാഷകരെത്തി ഇതിനെ പ്രതിരോധിക്കാന്‍ വെങ്കിടേഷും സംഘവും തീരുമാനിച്ചിരുന്നെങ്കിലും പോലിസ് തടഞ്ഞു. അതൊരു ക്രമസമാധാന പ്രശ്‌നമാവുമെന്നായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ ഹാജരാവന്‍ മൂന്ന് പേരെ പോലിസ് അനുവദിച്ചു. പക്ഷേ, അവിടെ എത്തിയപ്പോഴാണ് കേസ് ധാര്‍വാഡിലേക്ക് മാറ്റിയെന്ന വിവരം അറിയുന്നത്. അവര്‍ ധാര്‍വാഡിലേക്ക് പോയി. ഹാജരാവാന്‍ വരുന്നവരെ തടയാന്‍ വലിയൊരു സംഘം അഭിഭാഷകരും 400 ഓളം പോലിസുകാരും അവിടെയുമുണ്ടായിരുന്നു. എന്തായാലും പോയവര്‍ക്ക് കേസില്‍ ഹാജരാവാന്‍ കഴിഞ്ഞില്ല.

അത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ മൈസൂരില്‍ വലിയൊരു സംഘവുമായി അഭിഭാഷകരെത്തിയത്.

ഹുബ്ലി കേസ്, കര്‍ണാടക ഹൈക്കോടതിയിലും എത്തിയിരുന്നു. അഭിഭാഷകരെ കോടതിയില്‍ ഹാജരാവാന്‍ അനുവദിക്കാതിരിക്കുന്നത് തീവ്രവാദമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫെബ്രുവരി 26 ന് വിധിച്ചു. എന്തായാലും കോടതിയുടെ ഇടപെടല്‍ മൂലം ഹുബ്ലിയിലെയും ധാര്‍വാഡിലെയും അഭിഭാഷകര്‍ തങ്ങളുടെ പ്രമേയം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ഒരാഴ്ച മുമ്പ് 19 വയസ്സുള്ള അമൂല്യ ലിയോണ നൊരോന്‍ഹ പാകിസ്താന്‍ സിന്ദാബാദ്, ഹിന്ദുസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. 20 അഭിഭാഷകരാണ് ഇവര്‍ക്കു വേണ്ടി ഹാജരാവാനെത്തിയത്. ഹാജരായവര്‍ക്കെതിരേ സംഘപരിവാറിന്റെ വധഭീഷണിയടക്കം ഉണ്ടായി. ഹാജരാവുന്നവരെ ദേശദ്രോഹിയായി പ്രഖ്യാപിക്കുമെന്നായിരുന്നു മറ്റൊരു ഭീഷണി. ഒടുവില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് കേസ് കേട്ടത്. അമൂല്യയുടെ മാത്രമല്ല, ഹാജരായ വക്കീലന്മാരുടെ ജീവനും ഭീഷണിയിലാണെന്ന് അഡ്വ. വെങ്കിടേഷ് പറയുന്നു. 

Tags:    

Similar News