പ്രണയബന്ധം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചു;17 വയസ്സുകാരിയെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Update: 2025-12-26 07:52 GMT

കരീംനഗര്‍: പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വിസമ്മതിച്ച 17 വയസ്സുകാരിയായ മകളെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാനയിലെ കരീംനഗറിലാണ് ദുരഭിമാനക്കൊല നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും അമ്മയെയും പോലിസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്ന് മകള്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മാതാപിതാക്കള്‍ ആദ്യം പോലിസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരിച്ചതെന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ വ്യക്തമായതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍, പെണ്‍കുട്ടി ഗ്രാമത്തിലെ മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പോലിസ് കണ്ടെത്തി. ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം കീടനാശിനി കുടിപ്പിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായ ദമ്പതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

Tags: