കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച സംഭവം; ഏഴു പേര്‍ക്കെതിരേ കേസെടുത്തു

Update: 2021-01-24 02:38 GMT

കൊച്ചി: കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായവരില്‍ ആറു പേരും പ്രായ പൂര്‍ത്തിയാകാത്തവരാണ്. ലഹരി ഉപയോഗം പുറത്തു പറഞ്ഞതിനായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാന്‍ പതിനേഴുകാരന്‍ തയ്യാറായത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരില്‍ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയില്‍ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖില്‍ വര്‍ഗിസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.

തുടര്‍ന്നാണ് മര്‍ദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ബാക്കി ആറു പേര്‍ക്കെതിരെ അന്വേഷണം നടത്തി റിപോര്‍ട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയില്‍ തുടര്‍ ചികിത്സയില്‍ കഴിയുകയാണ്