ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടിയുടെ തട്ടിപ്പ്; സ്വകാര്യ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റില്‍

Update: 2022-10-08 01:07 GMT

മലപ്പുറം: ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സ്വകാര്യബാങ്കിലെ അസിസ്റ്റന്റ് മാനേജര്‍ അറസ്റ്റിലായി. പുളിയക്കോട് കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്മാനെയാണ് (34) മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നിര്‍ദേശപ്രകാരം മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ബാങ്കില്‍ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് വിദേശനിക്ഷേപകരെ വിശ്വസിപ്പിച്ച് തന്റെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും Tummy and me കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് 17 കോടി രൂപ ട്രാന്‍സര്‍ ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ഇത് ബാങ്കിന്റെ ഓഡിറ്റ് വിഭാഗമാണ് കണ്ടെത്തിയത്. തുടര്‍ന്ന് ജീവനെക്കാരനെ ബാങ്ക് പുറത്താക്കി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഫസലുറഹ്മാനെ പോലിസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടുന്നത്.

ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും ബാങ്ക് സ്വീകരിക്കുന്നുണ്ടെന്ന് ബാങ്ക് അധികൃതര്‍ ഔദ്യോഗിക വിശദീകരണക്കുറുപ്പില്‍ അറിയിച്ചു. ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തട്ടിപ്പിനെക്കുറിച്ച് വിവരം ലഭിച്ചയുടനെ ജീവനക്കാരനെ ബാങ്ക് സസ്‌പെന്റ് ചെയ്യുകയും പോലിസില്‍ പരാതിപ്പെടുകയും ചെയ്തു. ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്- ബാങ്ക് വ്യക്തമാക്കി.

Tags:    

Similar News