ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായില്ല: അസമില്‍ 16 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Update: 2020-06-24 10:38 GMT

ഗുവാഹത്തി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് അസമില്‍ 16 കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. അസമിലെ ചിരാംഗ് ജില്ലയില്‍ നിന്നുള്ള ദാരിദ്ര കുടുംബത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലോ പരീക്ഷകളിലോ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കുട്ടി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലിസ് പറഞ്ഞു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് അസമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ചില്‍ അടച്ചിരുന്നെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും പരീക്ഷകള്‍ക്കും മുടക്കം വരുത്തിയിരുന്നില്ല. മരിച്ച കുട്ടിയുടെ അമ്മ ജോലി കണ്ടുപിടിക്കുന്നതിനായി ബംഗളൂരുവില്‍ പോയിരിക്കുകയാണെന്നും അച്ഛന് നിലവില്‍ ജോലിയില്ലെന്നും ചിരാംഗിലെ പോലിസ് ഓഫിസര്‍ പറഞ്ഞു. കുറച്ചു ദിവസം മുമ്പ് തനിക്ക് പഠിക്കാന്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടിരുന്നതായി പിതാവ് പറഞ്ഞു. പക്ഷേ, കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൃതദേഹം പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി.

Tags:    

Similar News