തമിഴ്‌നാട്ടില്‍ അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു; പ്രതികളിലൊരാളെ വെടിവച്ച് കൊന്നു

Update: 2021-01-27 13:28 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ അഞ്ചംഗ സംഘം ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് സ്വര്‍ണം കവര്‍ന്നു. ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നത്.

തമിഴ്നാട് മയിലാടുതുറൈയ്ക്ക് സമീപമാണ് സംഭവം. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. സംഭവത്തില്‍ പ്രതിയായ ഒരാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ബാക്കി നാലുപേരും പോലീസിന്റെ പിടിയിലായി. ബുധനാഴ്ച രാവിലെ ആരുമണിക്ക് ആയുധങ്ങളുമായി ധന്‍രാജിന്റെ വീട്ടിലേക്ക് ഇരച്ചെത്തിയ അഞ്ചംഗ സംഘം ആശയെയും മകനെയും ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനു ശേഷം വീട്ടില്‍ സുക്ഷിച്ചിരുന്ന 16 കിലോ സ്വര്‍ണവുമായി പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം ഉടന്‍ തന്നെ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെയാണ് ഇരിക്കൂര്‍ എന്ന സ്ഥലത്ത് വയലില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളുമായി ഏറ്റുമുട്ടി.

പ്രതികള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് വെടിവച്ചതെന്നാണ് പോലീസ് വിശദീകരണം. ഇതിനിടെയാണ് പ്രതികളിലൊരാളായ രാജസ്ഥാന്‍കാരനായ മണിപാല്‍ എന്നയാള്‍ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സംഘത്തിലെ മൂന്നു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവരില്‍ നിന്ന് കവര്‍ച്ച നടത്തിയ സ്വര്‍ണം കണ്ടെത്തുകയും ചെയ്തു. കവര്‍ച്ചയും കൊലപാതകവും നടത്തിയത് രാജസ്ഥാന്‍ സംഘമാണെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പ്രതകള്‍ കവര്‍ച്ച നടത്തിയതെന്നും പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണെന്നും പോലീസ് അറിയിച്ചു.