15ാം നിയമസഭ സമ്മേളിക്കുന്നത് പിണറായി വിജയന്റ ജന്മദിനത്തില്‍; ആശംസയര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: 15ാം നിയമസഭ സമ്മേളിക്കുന്ന അതേദിവസം തന്നെ ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യമന്ത്രിയുടെ ആശംസ. എംഎല്‍എമാരുടെ സത്യപ്രതിജ്ഞയോടെ ഇന്ന് തുടങ്ങുന്ന സഭ പുതുക്കിയ ബജറ്റവതരണത്തോടെയാണ് പിരിയുക. ''ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍''- വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
1945 മെയ് 24ന് മദ്രാസ് പ്രസിജന്‍സിയിലെ മലബാര്‍ ജില്ലയില്‍ പിണറായിയിലാണ് പിണറായി വിജയന്‍ ജനിച്ചത്. കോരന്‍, കല്യാണി ദമ്പതിമാരുടെ ഇളയ പുത്രനായി ജനനം. പിണറായിയിലും തലശ്ശേരി ബ്രണ്ണന്‍ കോളജിലുമായി വിദ്യാഭ്യാസം.
ഭാര്യ കമല വിജയന്‍ സ്‌കൂള്‍ ടീച്ചറായിരുന്നു. രണ്ട് മക്കള്‍.
വിദ്യാര്‍ത്ഥി നേതാവായി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ തുടക്കം. 1964 ല്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 1970ല്‍ ആദ്യമായി നിയമസഭയിലെത്തി. 2002 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്.
