കുവൈത്തില്‍ ഒരു മാസത്തിനിടയില്‍ പിടികൂടിയത് 15 മില്ല്യണ്‍ ദിനാറിന്റെ മയക്കു മരുന്നുകള്‍

Update: 2022-06-26 09:56 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പിടികൂടിയത് 15 മില്ല്യണ്‍ ദിനാറിന്റെ മയക്കു മരുന്നുകള്‍. ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും രണ്ട് വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ളത്രയുണ്ടെന്ന് പ്രാദേശിക ദിനപത്രം പ്രസിദ്ധീകരിച്ച സ്ഥിതി വിവര കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര മയക്കു മരുന്ന് വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് 'മയക്കുമരുന്നുകളെക്കുറിച്ചുള്ള വസ്തുതകള്‍ പങ്കിടുക, ജീവന്‍ രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി രാജ്യത്ത് വലിയ ക്യാമ്പയിന്‍ നടക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മാത്രമായി രാജ്യത്തേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങളാണ് ആഭ്യന്തര മന്ത്രാലയവും കസ്റ്റംസ് അധികൃതരും വിഫലമാക്കിയത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇതുവരെയായി കര, വ്യോമ, സമുദ്രാതിര്‍ത്തികള്‍ വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത് ഏകദേശം 38 മില്ല്യണ്‍ ദിനാര്‍ മൂല്യമുള്ള വിവിധ മയക്ക്മരുന്ന് ഉത്പ്പന്നങ്ങളാണ്.

സുഗന്ധദ്രവ്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് ശുവൈഖ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച ഏകദേശം 50 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഈ മാസം 5നു കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഏകദേശം 8 ദശലക്ഷം ദിനാറാണ് ഇതിന്റെ വിപണി മൂല്യം. ഇതിനു പിന്നാലെ മൂന്ന് കണ്ടൈനറുകളില്‍ നിറച്ച സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടിച്ചെടുത്തു.

ഇതിനു തൊട്ടു മുമ്പ് 600 കിലോഗ്രാം ഹാഷിഷ് കടത്താനുള്ള ശ്രമവും തീരസംരക്ഷണ സേന പരാജയപ്പെടുത്തിയിരുന്നു. കൂടാതെ 130 കിലോഗ്രാം 'ഷാബു' കൈവശം വച്ചിരുന്ന ഏഷ്യന്‍ പൗരത്വമുള്ള മൂന്ന് കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.. ഇതിന്റെ വിപണി മൂല്യം ഏകദേശം രണ്ട് ദശലക്ഷം ദിനാര്‍ ആണ്.

കഴിഞ്ഞ മെയ് 29 ന് കുവൈത്തിലേക്കുള്ള യാത്രക്കാരനില്‍ നിന്ന് 19 കിലോഗ്രാം തൂക്കം വരുന്ന ക്യാപ്റ്റഗണ്‍ ബെയ്‌റൂട്ട് വിമാനത്താവളത്തില്‍വച്ച് പിടിച്ചെടുത്തിരുന്നു. അതുപോലെ, ഒരു മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളികകള്‍ നിറച്ച ഒരു ഗ്ലൈഡര്‍ കുവൈത്ത് വ്യമോാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ഇറാഖ് സുരക്ഷാ സേന വെടിവച്ചു വീഴ്ത്തിയിരുന്നു.

Similar News