സംസ്ഥാനത്തുടനീളം കൃഷി വകുപ്പ് 15 ലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കും

Update: 2021-12-02 06:55 GMT

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം അടുത്തവര്‍ഷം 15 ലക്ഷം തെങ്ങിന്‍ തൈകള്‍ വച്ചുപിടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കേരഗ്രാമം പദ്ധതി മണമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരഗ്രാമം പദ്ധതിയിലൂടെ ഒരു പ്രദേശത്തിന്റെനാളികേര സമൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തെങ്ങ് മലയാളികളുടെ വികാരമാണ്. ഉരുക്കുവെളിച്ചെണ്ണയുടെ സാധ്യത മനസ്സിലാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉരുക്കു വെളിച്ചെണ്ണ യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടിയെടുത്താല്‍ മാത്രമേ വിലക്കയറ്റം തടയാനാകൂവെന്നും മന്ത്രി പറഞ്ഞു. 

മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലെ250 ഹെക്ടര്‍ പ്രദേശത്ത് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങിന്റെ തടം തുറക്കല്‍, പുതയിടല്‍, ജലസേചന പമ്പ് സെറ്റുകളുടെ വിതരണം, തെങ്ങുകയറ്റ യന്ത്രങ്ങളുടെവിതരണം, ജൈവവള നിര്‍മാണ യൂണിറ്റ് ആരംഭിക്കല്‍, തെങ്ങിന് ആവശ്യമായ രാസവളം, കീടനാശിനി എന്നിവയുടെ ലഭ്യത ഉറപ്പാക്കല്‍, കേടുവന്ന തെങ്ങ് മുറിച്ചുമാറ്റി ഗുണനിലവാരമുള്ള തെങ്ങിന്‍ തൈകള്‍ നടീല്‍, തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് പ്രോത്സാഹനം നല്‍കുക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Similar News