കൊവിഡ് വ്യാപനം; സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

Update: 2020-10-30 17:13 GMT
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ അഞ്ച് ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കലക്ടര്‍മാര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ മൂന്നിനാണ് സംസ്ഥാന വ്യാപകമായി ജില്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 31-ന് രാത്രി 12 വരെ നിരോധനാജ്ഞ നിലനില്‍ക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.


തൃശ്ശൂര്‍,പത്തനംതിട്ട,ആലപ്പുഴ, എറണാകുളം,മലപ്പുറം ജില്ലാ കലക്ടര്‍മാരാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും എന്നാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുള്ളത്.നാളെ നിരോധനാജ്ഞ തീരുന്ന സാഹചര്യത്തില്‍ പ്രദേശിക സ്ഥിതി പരിഗണിച്ച് നിരോധനാജ്ഞ നീട്ടുന്ന കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമായിരുന്നു. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി വിവിധ ജില്ലാ കളക്ടര്‍മാരുടെ ഉത്തരവ് പുറത്തു വന്നത്.

നിരോധനാജ്ഞ നീട്ടുന്ന ജില്ലകളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുന്നതാണ്. സര്‍ക്കാര്‍ ചടങ്ങുകള്‍ മതപരമായ ചടങ്ങുകള്‍ പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ-സാമൂഹ്യ പരിപാടികള്‍ എന്നിവയില്‍ 20 പേര്‍ മാത്രം. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടരുത്. കണ്ടെയിന്‍മെന്റ് സോണിലെ വിവാഹം-മരണം സംബന്ധിച്ച ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രം അനുമതി. മറ്റ് ജില്ലകളില്‍ വിവാഹചടങ്ങുകളില്‍ 50 പേരും മരണാനന്തരചടങ്ങില്‍ 20 പേരും എന്നതാണ് നിര്‍ദ്ദേശം. പിഎസ് സി അടക്കമുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പൊതുഗതാഗതത്തിന് തടസ്സമില്ല. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാങ്കുകള്‍ ഹോട്ടലുകള്‍ എന്നിവയെല്ലാം കൊവിഡ് പ്രോട്ടോക്കാള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും.