ഡല്‍ഹിയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് ഉപേക്ഷിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ 13വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തശേഷം തിഗ്രി പ്രദേശത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കു മുമ്പ് മാര്‍ക്കറ്റിലേക്ക് പോകുംവഴി ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ സാകേത് മെേേട്രാ സ്‌റ്റേഷന്റെ പുറത്തുനിന്നാണ് പോലിസ് കണ്ടെത്തിയത്.
അറസ്റ്റിലായ മൂന്ന് പേര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയെയും പോലിസ് പിടികൂടിയിരുന്നു. കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
മൊഹിത്(20), ആകാശ്(19), ഷാരുഖ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, ഗൂഢാലോചന, തടവില്‍ വയ്ക്കല്‍, പോക്‌സൊ നിയമം തുടങ്ങിയയാണ് ചുമത്തിയിട്ടുള്ളത്.
കുടുംബം പറയുന്നതനുസരിച്ച് ഏപ്രില്‍ 24ന് അഞ്ച് മണിക്കാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് ഏപ്രില്‍ 26ന് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് തട്ടിക്കൊണ്ടുപോവലിന് കേസെടുത്തു.
മെയ് 1നാണ് കാണാതായ പെണ്‍കുട്ടിയെക്കുറിച്ചുള്ള ചില സൂചനകള്‍ പോലിസിനു ലഭിച്ചത്. പെണ്‍കുട്ടിയെ മെട്രോ സ്‌റ്റേഷനില്‍നിന്നാണ് കണ്ടെത്തിയത്. പോലിസ് എത്തുമ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച നിലയിലായിരുന്നു. ആദ്യം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയാണ് പോലിസ് പിടികൂടിയത്. പിന്നീട് മറ്റ് മൂന്നുപേരെയും പിടികൂടി.
ഡല്‍ഹി എയിംസില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതായി മനസ്സിലായത്.
പോലിസ് പറയുന്നതനുസരിച്ച് വൈകീട്ട് ഏപ്രില്‍ 24ന് അഞ്ച് മണിയോടെ പെണ്‍കുട്ടി പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു. ഓട്ടോയിലാണ് പോയത്. ഇപ്പോള്‍ അറസ്റ്റിലായ ഷാരൂഖാനാണ് ഓട്ടോ ഓടിച്ചിരുന്നത്. മാര്‍ക്കറ്റില്‍ ഇറക്കുന്നതിനുപകരം ഇയാള്‍ തന്റെ രണ്ട് സുഹൃക്കളായ ആകാശ്, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി എന്നിവരെ വിളിച്ചുവരുത്തി ഓഖ്‌ലയിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ശീതളപാനീയത്തില്‍ ലഹരിവസ്തുനല്‍കി മയക്കിയശേഷം പീഡിപ്പിച്ചു.
അതിനുശേഷം തിഗ്രിയിലെ ജെജെ കാംപിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് സല്‍മാന്‍ ചെസ്സി, മറ്റ് നാല് പേര്‍ എന്നിവര്‍ ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
അടുത്ത ദിവസം സല്‍മാന്‍ ചെസ്സിയും മറ്റ് നാല് ആണ്‍കുട്ടികളും പെണ്‍കുട്ടിയെ കോസി കലാനിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ദിവസം സൂക്ഷിച്ചു. അടുത്ത ദിവസം ഡല്‍ഹി തിഗ്രിയിലേക്ക് കൊണ്ടുപോയി.

