വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണപരിപാടിക്ക് 126 കോടി അനുവദിച്ചു

Update: 2022-08-04 08:18 GMT

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനു 126 കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ നിന്ന് അനുവദിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാലാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം സംസ്ഥാന ബഡ്ജറ്റില്‍ നിന്നു തുക അനുവദിച്ചതെന്നു മന്ത്രി പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്‌കൂളുകള്‍ക്കുള്ള പാചക ചെലവ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. ഇന്നലെ മുതല്‍ വിതരണം തുടങ്ങി.

കേന്ദ്ര വിഹിതമായി 2021-22 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു. 

Tags: